16കാരന്റെ ഗോളിൽ ലിവർപൂൾ ജയം
ലിവർപൂൾ : അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 16 വയസുകാരനായ റിയോ നഗുമോഹയുടെ അപ്രതീക്ഷിത ഗോളിൽ വിജയം കണ്ട് ലിവർപൂൾ. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ 3-2നാണ് ന്യൂകാസിൽ യുണൈറ്റഡിനെ ലിവർപൂൾ കീഴടക്കിയത്. മത്സരം നൂറ് മിനിട്ടിലെത്തിയപ്പോഴായിരുന്നു നഗുമോഹയുടെ ഗോൾ.
46 മിനിട്ടിലെത്തിയപ്പോൾ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്ന ലിവർപൂളിനെ രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങിയിട്ടും സമനിലയിൽ പിടിച്ച ന്യൂകാസിൽ ഒടുവിൽ നഗുമോഹയുടെ ഗോളിന് മുന്നിലാണ് വീണുപോയത്. 35-ാം മിനിട്ടിൽ റയാൻ ഗ്രേവൻബ്രെച്ചും 46-ാം മിനിട്ടിൽ ഹ്യൂഗോ ഇകിറ്റികെയുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്.57-ാം മിനിട്ടിൽ ബ്രൂണോ ഗുയ്മാറസും 88-ാം മിനിട്ടിൽ വില്യം ഒസുലയും നേടിയ ഗോളുകൾ കളി സമനിലയിലാക്കി. ആദ്യ
പകുതിയുടെ ഇൻജുറി ടൈമിൽ അന്തോണി ഗോർഡൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ന്യൂകാസിൽ 10 പേരുമായാണ് രണ്ടാം പകുതിയിൽ കളിച്ചത്. 10 മിനിട്ടിലേറെ നീണ്ട രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു റിയോ നഗുമോഹയുടെ ഗോൾ.
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ രണ്ട് മത്സരങ്ങളിൽ നിന്ന് ആറുപോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
റൂണിയുടെ റെക്കാഡ്
തകർത്ത് നഗുമോഹ
ലിവർപൂളിന്റെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി നഗുമോഹ ചരിത്രം കുറിച്ചു. 16 വയസ്സും 361 ദിവസവുമാണ് നഗുമോഹയുടെ പ്രായം. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോൾ ഗോളടിച്ച വെയിൻ റൂണിയുടെ റെക്കാഡാണ് നഗുമോഹ തകർത്തത്. 2002 ഒക്ടോബർ 19ന് ആഴ്സനലിനെതിരെ 89-ാം മിനിട്ടിലായിരുന്നു റൂണിയുടെ ഈ നേട്ടം.