എസ്.എൻ ട്രസ്റ്റിന് 143.79 കോടിയുടെ ബഡ്ജറ്റ്

Wednesday 27 August 2025 1:23 AM IST

ചേർത്തല:ശ്രീനാരായണ ട്രസ്റ്റിന് 2025–26 വർഷത്തിൽ 143. 79 കോടിയുടെ (143,79,89,000) ബഡ്ജറ്റിന് 72ാമത് വാർഷിക പൊതുയോഗം അംഗീകാരം നൽകി. ആശുപത്രികളുടെ ആധുനി​കവത്കരണത്തിനും നവീകരണത്തിനുമായി 43.5 കോടി വകയിരുത്തി. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 14 കോടിയും, കോളേജുകൾക്ക് 8.5 കോടിയും ഉൾക്കൊള്ളി​ച്ചി​ട്ടുണ്ട്.

കാേളേജ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചെയർമാൻ ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. ജയദേവൻ, ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ ഡോ. എ.വി. ആനന്ദരാജ്, മോഹൻ ശങ്കർ, എ. സോമരാജൻ, കെ. പത്മകുമാർ, അശോകപ്പണിക്കർ, പി.എൻ. നടരാജൻ, ബിനീഷ് പ്ലാത്താനത്ത്, പി. സുന്ദരൻ, ഗോപിനാഥ് പാലക്കാട്, സി.ബി. രാജേന്ദ്രൻ, അജി.എസ്.ആർ.എം, സംഗീത വിശ്വനാഥൻ,ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻ ബാബു, ഓഡിറ്റർ അബ്ദുൾ റഹീം എന്നിവർ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പി​ൽ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങണം: വെള്ളാപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ സമുദായാംഗങ്ങൾ ചോദിച്ചു വാങ്ങണമെന്നും, അത് അഭിമാനമായി കാണണമെന്നും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ ട്രസ്റ്റ് വാർഷിക യോഗത്തിൽ സ്വാഗതം ആശംസിച്ചും, റിപ്പോർട്ടും കണക്കും അവതരിപ്പിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടം മനസിലാക്കി സ്ഥാനങ്ങൾ പിടിച്ചുവാങ്ങാനുള്ള ഇച്ഛാശക്തി കാണിക്കണം. മതേതരവാദികൾ എവിടെ കിടക്കുന്നു, മതം പറയുന്നവർ എവിടെ കിടക്കുന്നു എന്ന് ചിന്തിക്കണം. ഒരു മുന്നണിയും ഈഴവന് പ്രാമുഖ്യം നൽകിയിട്ടില്ല. ഈഴവർ ധാരാളമുള്ള മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല. സമുദായത്തി​ന്റെ ഇല്ലായ്മയും സത്യങ്ങളും തുറന്നു പറയുന്ന തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുകയാണ്.

സംസ്ഥാന ബ‌ഡ്ജറ്റിന്റെ 26 ശതമാനവും വിദ്യാഭ്യാസ മേഖലയ്ക്കാണ്. എന്നിട്ടും ഈഴവർക്ക് എന്ത് കിട്ടി? കിട്ടാത്ത കാര്യം പറഞ്ഞതിനെ വളച്ചൊടിച്ച് തന്നെ മുസ്ലിം വിരോധിയാക്കി, ഫ്ലക്‌സുകൾ കത്തിച്ചു. അവർ സമുദായക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ നമുക്കിടയിൽ കുലം കുത്തികളുണ്ട്. അത് തിരിച്ചറിഞ്ഞാലേ ഭാവി തലമുറയ്ക്ക് രക്ഷയുണ്ടാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.