സ്റ്റോപ്പ് അനുവദിക്കണം
കൊല്ലം: തിരുവനന്തപുരം നോർത്ത് എസ്.എം.വി.ടി ബംഗളൂരു എ.സി എക്സ്പ്രസിന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം.പി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി. യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണിത്. കൊല്ലം, ആലപ്പുഴ ജില്ലകൾക്കിടയിലെ പ്രധാനപ്പെട്ട സ്റ്റേഷനാണിത്. പ്രതിദിനം പ്രാദേശിക യാത്രക്കാർക്ക് പുറമെ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടെ നിരവധി യാത്രക്കാർ സ്റ്റേഷനെ ആശ്രയിക്കുന്നു. വിദ്യാഭ്യാസ ആവശ്യത്തിനും ഐ.ടി മേഖലയിൽ ഉൾപ്പെടെ തൊഴിലിനും മറ്റുമായി ബംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. സ്റ്റോപ്പ് അനുവദിക്കുന്നത് എല്ലാവർക്കും ആശ്വാസകരമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.