കറുമുറു കടിക്കാൻ കുടുംബശ്രീ ചിപ്സ്
കൊല്ലം: ഓണസദ്യക്കൊപ്പം തൂശനിലയിൽ വിളമ്പാനുള്ള ചിപ്സും ശർക്കര വരട്ടിയുമായി കുടുംബശ്രീ യൂണിറ്റുകൾ. സംസ്ഥാന വ്യാപകമായി ഒറ്റ ബ്രാൻഡിലാണ് വിപണനം. ഇതിനായി ജില്ലയിൽ 17 യൂണിറ്റുകൾ ചേർത്ത് കൺസോർഷ്യം രൂപീകരിച്ചു. തൃക്കോവിൽവട്ടം കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക.
ഉത്പന്ന നിർമ്മാണവും പായ്ക്കിംഗും ഇവിടെയായിരിക്കും. കായയുടെ വിളവ്, എണ്ണയുടെ ഗുണനിലവാരം, നിറത്തിന് ചേർക്കുന്ന മഞ്ഞൾപ്പൊടിയുടെ അളവ് എന്നിങ്ങനെ രുചിയെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചാണ് ചിപ്സ് തയ്യാറാക്കുന്നത്. എണ്ണയുടെ അംശമില്ലാത്തത്, കരസ്പർശമേൽക്കാത്ത പാക്കിംഗ് ഉൾപ്പടെ തികച്ചും പ്രൊഫഷണലായാണ് തയ്യാറാക്കുന്നത്. കവറിൽ ബ്രാൻഡ് പേരിനൊപ്പം ഉത്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും.
വാഴയ്ക്ക ചിപ്സിനേക്കാൾ കൂടുതൽ ഡിമാൻഡ് പഴുത്ത ഏത്തയ്ക്ക ചിപ്സിനാണ്. കൂടാതെ കപ്പ, ഉരുളക്കിഴങ്ങ്, കാച്ചിൽ, ചേന എന്നിവയുടെ ചിപ്സുകൾക്കും ആവശ്യക്കാരേറെയാണ്. ശുദ്ധമായ കറിപൗഡറുകൾ, ഉപ്പേരി, അച്ചാറുകൾ, ചക്കവിഭവങ്ങൾ, പലഹാരങ്ങൾ, ജാം, സ്‌ക്വാഷ്, അരിപ്പൊടി, പായസ കിറ്റ് എന്നിവയും ഓണം വിപണിയിൽ ലഭ്യമാണ്.
ഏകോപനത്തിന് കൺസോർഷ്യം
ഓരോ ജില്ലയിലും നിരക്ക് വ്യത്യസ്തം
വില ഏത്തക്കായ ലഭ്യതയ്ക്കനുസരിച്ച്
ഗുണമേന്മ പരിശോധിച്ച ശേഷം പായ്ക്കിംഗ്
ഉപയോഗിക്കുന്നത് വെളിച്ചെണ്ണ, പാം ഓയിൽ
കുടുംബശ്രീ സ്റ്റോർ, വിതരണക്കാർ വഴി വിപണനം
ചിപ്സ് വില കിലോയ്ക്ക്
വെളിച്ചെണ്ണയിൽ ₹ 600
പാം ഓയിലിൽ ₹ 500
ഏത്തവാഴ കർഷകരെ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ മേഖലയിലേക്ക് ആകർഷിക്കുക ലക്ഷ്യമാണ്. ആശ്രാമത്ത് നടന്ന കഴിഞ്ഞ ഓണം മേളയിൽ 75000 രൂപയുടെ ചിപ്സ് വിൽപ്പന നടന്നു.
കുടുംബശ്രീ അധികൃതർ