50% തീരുവ നേരിടാൻ ഒരുങ്ങി ഇന്ത്യ

Wednesday 27 August 2025 1:34 AM IST

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്ന് മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക പിഴത്തീരുവയുടെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ മുന്നൊരുക്കം ശക്തമാക്കി. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും അമേരിക്കൻ കയറ്റുമതിയിലെ തിരിച്ചടി മറികടക്കാനാണ് ശ്രമം.

തീരുവ 50 ശതമാനമാകുന്നതോടെ അമേരിക്കയിലേക്കുള്ള 4,800 കോടി ഡോളറിന്റെ (4.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് പ്രതിസന്ധിയിലാകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഇന്ന് രാവിലെ 9.31ന് നിലവിൽ വരുമെന്ന് യു.എസ് ഹോം‌ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നോട്ടീസിറക്കി.

ജി.എസ്.ടി കുത്തനെ കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താനാണ്. നാല് സ്ളാബുകൾ രണ്ടായി കുറയ്ക്കുകയാണ്. ഇതിനായി ജി.എസ്.ടി കൗൺസിലിന്റെ യോഗം സെപ്തംബർ ആദ്യ വാരം നടക്കും. ഓണത്തോടെ ആരംഭിക്കുന്ന രാജ്യത്തെ ഉത്സവകാല ഷോപ്പിംഗിന് ആവേശം സൃഷ്ടിക്കാനാണ് ശ്രമം.

കയറ്റുമതിക്കാർക്ക് ആശ്വാസമായി അധിക ആനുകൂല്യങ്ങളും ലഭ്യമാക്കും. വലിയ തിരിച്ചടി നേരിടുന്ന ജെം ആൻഡ് ജുവലറി മേഖലയ്ക്കായി ഡ്യൂട്ടി ഡ്രോബാക്ക് പരിധി ഇന്നലെ വർദ്ധിപ്പിച്ചു. സമുദ്രോത്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്കായി സമാന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കും.

യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും. യു.കെയുമായി ഈയിടെ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ തുടർച്ചയായി കൂടുതൽ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുകയാണ്.

പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക്

കയറ്റുമതിക്കാർക്ക് ആശ്വാസം പകരാൻ ഒക്ടോബർ ആദ്യ വാരം നടക്കുന്ന ധനനയ രൂപീകരണ സമിതി യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയേക്കും

മൂലധന നിക്ഷേപം ഉയർത്തും

അടിസ്ഥാന സൗകര്യ വികസന രംഗത്ത് മൂലധന നിക്ഷേപം ഗണ്യമായി ഉയർത്തും. വിപണിയിൽ പണ ലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെ കയറ്റുമതി രംഗത്തെ തിരിച്ചടി മറികടക്കാം

കയറ്റുമതി ബാധിക്കുന്നവ

തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ലെതർ, ടയർ,​ യന്ത്രഭാഗങ്ങൾ, ഫർണീച്ചർ, സമുദ്രോത്പന്നങ്ങൾ

ഇന്ത്യൻ കമ്പനികൾ ഏറ്റവും മികച്ച ഡീൽ ലഭിക്കുന്ന ഇടത്തു നിന്ന് എണ്ണ വാങ്ങുന്നത് തുടരും

- വിനയ്‌കുമാർ

റഷ്യയിലെ ഇന്ത്യൻ

അംബാസഡർ