സർക്കാർ ഓഫീസുകളിൽ ശനി അവധിക്ക് നീക്കം, ചർച്ച സെപ്തംബർ 11ന്
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും അവധി നൽകുന്നത് സർക്കാർ പരിഗണനയിൽ. ഇതു സംബന്ധിച്ച് സെപ്തംബർ 11ന് വൈകിട്ട് മൂന്നിന് സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ ചർച്ച നടത്തും. അഭിപ്രായങ്ങൾ gadcdn4@gmail.com എന്ന ഇ.മെയിലിലും അറിയിക്കാം.
വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്ന ഭരണ പരിഷ്‌കാര കമ്മിഷൻ 2019ലാണ് സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമാക്കാനും, ശനിയാഴ്ചകളിൽ അവധി നൽകാനും ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കി ഉയർത്തുക, പൊതു അവധികളും ക്യാഷ്വൽ ലീവും കുറയ്ക്കുക, ഓഫീസ് സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ആക്കുക. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിൽ അര മണിക്കൂർ ഇടവേള ,ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും, ഇറങ്ങുന്ന സമയവും രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ശുപാർശകളുമുണ്ട്.
നിലവിൽ സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ 20 ക്യാഷ്വൽ ലീവുള്ളത് 12 ആയി കുറയ്ക്കണം. പൊതു അവധികൾ, പ്രത്യേക അവധികൾ, നിയന്ത്രിത അവധികൾ എന്നിങ്ങനെ മൂന്നായി തിരിക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണത്തിന് രണ്ട് ദിവസം, ക്രിസ്മസ്, ഈദുൽ ഫിത്തർ, മഹാനവമി എന്നിവ പൊതു അവധികൾ. പ്രത്യേക അവധികളിൽ ഒരാൾക്ക് എട്ടെണ്ണത്തിനായിരിക്കണം അവകാശം. നിയന്ത്രിത അവധികൾ ഇപ്പോഴത്തെപ്പോലെ തുടരണം.