കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെ
കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം വയനാട് സ്വദേശിയും കോഴിക്കോട് മെഡി.കോളേജിന് സമീപത്തെ വാടകവീട്ടിലെ താമസക്കാരനുമായ ഹേമചന്ദ്രന്റെതാണെന്ന് ഡി.എൻ.എ ഫലം. കണ്ണൂർ റീജിയണൽ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. അതേ സമയം റിസൽട്ടിന്റെ പകർപ്പ് പൊലീസിന് ലഭിക്കാത്തതിനാൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ബന്ധുക്കൾക്ക് കെെമാറും.
ഒന്നരവർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ഇക്കഴിഞ്ഞ ജൂൺ 28 നാണ് പൊലീസ് കണ്ടെടുത്തത്. ഹേമചന്ദ്രനെ ഭാര്യയും ബന്ധുക്കളും തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധന ഫലം ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം വിട്ടുകൊടുത്തിരുന്നില്ല. തുടർന്ന്ഹേമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിന് പിന്നാലെയാണ് ഡി.എൻ.എ ഫലം പുറത്തുവന്നത്.
2024 മാർച്ച് 20നാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ (53) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടത്. വാടകവീട്ടിൽ നിന്ന് ടൗണിലേക്കാണെന്ന് പറഞ്ഞിറങ്ങിയ ഹേമചന്ദ്ര(53)നെ കാണാതായതോടെ ഏപ്രിൽ ഒന്നിന് ഭാര്യ മെഡി. കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി നൗഷാദ്, ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയും വിദേശത്ത് ജോലിയുള്ളതുമായ യുവതിയ്ക്ക് കേസിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. യുവതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.