സർക്കാരിന്റെ ഓണസമ്മാനം ഏറ്റുവാങ്ങി മോദിയുടെ മണ്ഡലത്തിലെ ആര്യ

Wednesday 27 August 2025 2:26 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓണത്തിന് മുന്നോടിയായി സ്കൂൾ കുട്ടികൾക്ക് ഏർപ്പെടുത്തിയ നാല് കിലോ അരി ആദ്യം ഏറ്റുവാങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നുളള ആറുവയസുകാരി. കോട്ടൺഹിൽ സ്കൂളിലെ ഒന്നാംക്ലാസുകാരി ആര്യാ റാണയാണ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും സർക്കാരിന്റെ ഓണസമ്മാനം ഏറ്റുവാങ്ങിയത്.വാരണാസി സ്വദേശിയായ ആര്യ കുടുംബസമേതം രണ്ടുവർഷം മുൻപാണ് കേരളത്തിലെത്തിയത്. എൽ.കെ.ജിയും യു.കെ.ജിയും പഠിച്ചത് കോട്ടൺഹില്ലിൽ തന്നെ. ആര്യയുടെ അച്ഛൻ ബേക്ക് ഹൗസിൽ ബേക്കറാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ആര്യ മിടുക്കിയാണ്. മണിമണിയായി മലയാളവും പറയും. ആര്യയ്ക്ക് പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മറ്റ് രണ്ട് കുട്ടികളും സർക്കാരിന്റെ അരി ഏറ്റുവാങ്ങി.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30ഓളം കുട്ടികളാണ് കോട്ടൺഹില്ലിൽ പഠിക്കുന്നത്.