താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതത്തിന് നിരോധനം

Wednesday 27 August 2025 2:28 AM IST

വൈത്തിരി: ഇന്നലെ രാത്രി 7 മണിയോടെ താമരശ്ശേരി ചുരം വ്യൂപോയിന്റിന് സമീപം വൻ മണ്ണടിച്ചിലുണ്ടായി. വൈകുന്നേരം പെയ്ത മഴയ്ക്കുശേഷം കുന്നിൻ മുകളിൽ നിന്ന് മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാൽനടപോലും സാദ്ധ്യമല്ലാത്ത രൂപത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചുരത്തിൽ ഗതാഗതം പൂർണമായും നിരോധിച്ചു. യാത്രക്കാർ കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് കളക്ടർ ഡി.ആർ.മേഘ്ശ്രി അറിയിച്ചു.

വിദഗ്ദ്ധസംഘം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്ത് പരിശോധന നടത്തും. അതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. ചുരം ഇറങ്ങുന്ന ഭാഗത്ത് വലതുവശത്തെ കുന്നിൻ മുകളിൽ നിന്നുമാണ് വലിയ പാറകളും മരങ്ങളും അടർന്നുവീണത്. ചെറിയതോതിൽ നീർച്ചാൽ ഉള്ള പ്രദേശത്താണ് മണ്ണിടിച്ചിൽ. വാഹനങ്ങൾ കടന്നുപോയി സെക്കന്റുകൾക്കുള്ളിലായിരുന്നു സംഭവം. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രി 10 മണിയോടെ മണ്ണ് ഒരു ഭാഗത്തേക്കു മാറ്റി. വലിയ പാറക്കഷണങ്ങൾ ട്രാക്ടറുകളിൽ തളിപ്പുഴിയിലേക്ക് മാറ്റി. നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിന്റെ ഇരുഭാഗത്തും കുടുങ്ങിയത്. ഇവ മാത്രം കടത്തിവിട്ടു.