ജയിലിലേക്ക് മൊബൈലും ലഹരിയും എറിഞ്ഞു നൽകിയാൽ 2000 രൂപ കൂലി

Wednesday 27 August 2025 2:38 AM IST

കണ്ണൂർ: സെൻട്രൽ ജയിലിലെ പുള്ളികൾക്ക് മൊബൈൽഫോണും ലഹരി ഉത്പന്നങ്ങളും മതിൽ വഴി എറിഞ്ഞുനൽകുന്നതിന് വൻ പ്രതിഫലം ലഭിക്കുന്നു.കഴിഞ്ഞദിവസം ഫോൺ എറിഞ്ഞുകൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി കെ.അക്ഷയ്‌യാണ് പൊലീസിന് മൊഴി നൽകിയത്.ആയിരം മുതൽ 2000 വരെയാണ് കൂലി.ജയിലിനകത്തെ പ്രത്യേക അടയാളങ്ങൾ നേരത്തെ അറിയിക്കും.ഇത് മനസ്സിലാക്കിയാണ് മൊബൈൽ,ലഹരി ഉത്പ്പന്നങ്ങൾ,മരുന്നുകൾ എന്നിവ എറിഞ്ഞു നൽകുന്നത്.ആഴ്ച്ചയിൽ ഒരു ദിവസം ഇതിനായി തിരഞ്ഞെടുക്കും.മൊബൈൽ ജയിലിലേക്ക് എറിഞ്ഞ് നൽകുന്ന സംഘത്തിൽ സ്വർണക്കടത്ത് കേസിൽ പെട്ടവരുമുണ്ടെന്നാണ് വിവരം.ജയിൽ പരിസരത്തേക്ക് കടന്ന് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ജയിൽ വാർഡന്മാരുടെ പിടിയിലാവുകയായിരുന്നു.ഫോണിനൊപ്പം ബീഡിയും പുകയില ഉത്പന്നങ്ങളുമുണ്ടായിരുന്നു.ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.ഇവർക്കായി കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടരുകയാണ്.