നിമിഷ പ്രിയയുടെ മോചനം; വരും ദിവസങ്ങളിൽ  പോസിറ്റീവ്  വിവരം  കേൾക്കാനാകുമെന്ന് ചാണ്ടി ഉമ്മൻ

Wednesday 27 August 2025 7:05 AM IST

ദുബായ്: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും വരും ദിവസങ്ങളിൽ പോസിറ്റീവ് വിവരം കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞു. യമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളിൽ കാന്തപുരത്തെ മറിക്കടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കണമെന്ന സുവിശേഷകൻ ഡോ.കെ എ പോളിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. നിമിഷപ്രിയയുടെ അഭ്യർത്ഥനയാണെന്ന് അവകാശവാദമുന്നയിച്ചു കൊണ്ടായിരുന്നു ഹർജി. കാ​ന്ത​പു​രം​ ​എ.​പി. അബൂബക്കർ​ ​മു​സ്‌​ലി​യാ​ർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലെ അഡ്വ.കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തതോടെ സുവിശേഷകൻ ഹർജി പിൻവലിച്ചു.

2017 ജൂലായ് 25ന് യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. നിമിഷപ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.