രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ശനിയാഴ്ച ഹാജരാകാൻ ക്രെെംബ്രാഞ്ച് നോട്ടീസ് അയച്ചു
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രെെംബ്രാഞ്ച് നോട്ടീസ് നൽകി. പ്രതികളിലൊരാളുടെ മൊബെെലിൽ നിന്ന് ലഭിച്ച ശബ്‌ദസന്ദേശത്തിൽ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യൽ. ലെെംഗിക ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും വ്യാജതിരിച്ചറിയൽ കാർഡ് കേസ് തലപൊക്കുന്നത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ക്രെെംബ്രാഞ്ച് രാഹുലിനോട് ആവശ്യപ്പെട്ടത്. കേസിന്റെ തുടക്കത്തിൽ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേർത്തില്ല. പിന്നീട് കേസേറ്റെടുത്ത ക്രെെംബ്രാഞ്ചിന്റെ അന്വേഷണമാണ് ഇപ്പോൾ വീണ്ടും രാഹുലിൽ എത്തിനിൽക്കുന്നത്.
കേസിൽ മുൻപ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ സന്തതസഹചാരിയായ ഫെനി നെെനാൻ ഉൾപ്പടെ നാല് വിശ്വസ്തരും വ്യാജ കാർഡ് ഉണ്ടാക്കാനുള്ള അപ്ലിക്കേഷൻ തയാറാക്കിയ കാസർകോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് ജയ്സനുമടക്കമാണ് അറസ്റ്റിലായത്. പ്രതികളുടെ മൊബെെൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വീണ്ടെടുത്ത ശബ്ദരേഖകളിലൊന്നിൽ രാഹുലിന്റെ പേര് പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സി ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്.