'കോടതി തളളിയ കേസാണിത്, പരാതിക്ക് പിന്നിൽ സ്വത്ത് തർക്കം'; ലൈംഗിക പീഡനപരാതിയിൽ പ്രതികരിച്ച് സി കൃഷ്ണകുമാർ
പാലക്കാട്: തനിക്കെതിരെ ഉയർന്നുവന്ന ലൈംഗിക പീഡനപരാതി തളളി ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. സ്വത്തുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് പരാതിക്ക് കാരണമായതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കോടതി തളളിയ കേസാണ് ഭാര്യയുടെ സഹോദരി വീണ്ടും കൊണ്ടുവന്നതെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
'ബഹുമാനപ്പെട്ട കോടതി തള്ളിപ്പറഞ്ഞ കേസാണിത്. 2010ൽ ഒരു അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച് എറണാകുളത്ത് താമസമാക്കിയതാണ് പരാതിക്കാരി. 2014ൽ എന്റെ ഭാര്യയുടെ പിതാവ് ഡയാലിസിസിനായി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ സമയത്ത് ഭാര്യയുടെ സഹോദരി വീട്ടിലെത്തി അച്ഛന്റെ അലമാരയിൽ നിന്ന് സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. അച്ഛൻ എന്റെ ഭാര്യയുടെ പേരിലാണ് മുഴുവൻ സ്വത്തുക്കൾ എഴുതിവച്ചിരുന്നത്. ഇതുകണ്ട് അക്രമാസക്തയായിട്ട് എന്റെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി.
ആശുപത്രിയിൽ നിന്ന് അച്ഛൻ ഡിസ്ചാർജ് ആയി വന്നപ്പോൾ അച്ഛനെയും ആക്രമിച്ചു. എന്നിട്ട് അവർ ആശുപത്രിയിൽ പോയി അഡ്മിറ്റായി. എന്നിട്ട് കേസ് കൊടുത്തു. കേസിന് ശക്തി കൂട്ടാനായി എനിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഞാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു അവർ കളളപ്പരാതി കൊടുത്തത്. അന്ന് പൊലീസ് കൃത്യമായി അന്വേഷിച്ചു. അച്ഛൻ ജഡ്ജിയുടെ ചേമ്പറിൽ പോയാണ് മൊഴി നൽകിയത്. ഞാനും ഭാര്യയും ചേർന്നാണ് നോക്കുന്നതെന്നാണ് അച്ഛൻ ജഡ്ജിക്ക് മുന്നിൽ അന്ന് പറഞ്ഞത്. പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമാണ്'- കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ഇക്കാര്യം പല നേതാക്കൾക്കും അറിയാമെന്നും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ വിവരമറിയിച്ചതെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി.