ഉദയകുമാർ  ഉരുട്ടിക്കൊലക്കേസ്; മതിയായ തെളിവില്ല, പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെ വിട്ടു

Wednesday 27 August 2025 11:23 AM IST

കൊച്ചി: കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ടു. ഒന്നാംപ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷയടക്കം റദ്ദാക്കി. അന്വേഷണത്തിൽ സിബിഐയ്ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

കേസിൽ ആറ് പ്രതികളാണുള്ളത്. ഡിവൈഎസ്‌പി, എസ്‌പി, എഎസ്‌ഐ, സിപിഒ എന്നീ റാങ്കിലുള്ളവരായിരുന്നു പ്രതികൾ. ഒന്നാംപ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാംപ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചത്.

2018ലാണ് സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. 2005 സെപ്തംബർ 29നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. 4020 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണ് എന്നാരോപിച്ചായിരുന്നു ഉദയകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഉദയകുമാറിനെ പിടികൂടിയപ്പോൾ കൈവശമുണ്ടായിരുന്ന 4020 രൂപയും സൈക്കിളും ധരിച്ചിരുന്ന ഏലസും അമ്മ പ്രഭാവതി അമ്മയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ ബോണസ് വാങ്ങി സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇത്.

2005 സെപ്തംബർ 27ന് ശ്രീകണ്ഠേശ്വരം പാർക്കിൽ വിശ്രമിക്കുകയായിരുന്ന കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെയും (26) സുഹൃത്ത് സുരേഷ് കുമാറിനെയും ഉച്ചയ്ക്ക് 12നാണ് ഫോർട്ട് സി.ഐ.യായിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേർന്നാണ് ഇവരെ ഫോർട്ട് സ്റ്റേഷനിലെത്തിച്ചത്. ഉദയകുമാറിന്റെ പക്കലുണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലി ക്രൂരമായ മർദ്ദനമുണ്ടായി. ബെഞ്ചിൽ കിടത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉരുട്ടി. തുടയിലെ രക്തക്കുഴലുകൾ തകർന്നാണ് ഉദയകുമാ‌ർ മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മോഷണക്കേസിൽ രാത്രി എട്ടിനാണ് പിടികൂടിയതെന്ന് വരുത്തിതീർക്കാൻ മരിച്ചശേഷം ഉദയകുമാറിനെതിരെ കള്ളക്കേസെടുത്തു. ജനറൽ ഡയറി, ഡ്യൂട്ടിബുക്ക് അടക്കമുള്ള രേഖകൾ നശിപ്പിച്ചു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പ്രതികളിൽ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും രണ്ട് കേസെടുത്ത്, പൊലീസുകാരെ കൂട്ടത്തോടെ പ്രതികളാക്കിയാണ് സിബിഐ അന്വേഷണം നടത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ അഡി.എസ് പി കെ പ്രദീപ് കുമാറാണ് കുറ്റപത്രം നൽകിയത്.