'ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു'; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്

Wednesday 27 August 2025 11:40 AM IST

പാലക്കാട്: ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ഭാര്യയുടെ സഹോദരി നൽകിയ പീഡന പരാതിയുടെ പകർപ്പ് പുറത്ത്. ഭർത്താവ് ഉപേക്ഷിച്ച തന്നെ കൃഷ്ണകുമാർ പലതവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പരാതിയിലുളളത്. തനിക്കും അമ്മയ്ക്കും അർഹതപ്പെട്ട സ്വത്ത് മൂത്ത സഹോദരി കൈവശം വച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. സ്വത്ത് തർക്ക പരാതിയോടൊപ്പം ലൈംഗിക പീഡനത്തിനും യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.

2014ലാണ് യുവതി കൃഷ്ണകുമാറിനെതിരെ ആദ്യമായി പരാതി നൽകിയത്. അന്ന് ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനുമാണ് കേസ് കൊടുത്തത്. ഈ രണ്ട് പരാതിയിലും പൊലീസ് എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ ഗാർഹിക പീഡന പരാതി മാത്രമാണ് കോടതിയിലെത്തിയത്. തുടരന്വേഷണത്തിൽ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. സ്വത്ത് തർക്കക്കേസിൽ 2023ൽ കൃഷ്ണകുമാറിനും ഭാര്യയ്ക്കും അനുകൂലമായ വിധി വന്നിരുന്നു. 2024ൽ ഗാർഹിക പീഡനക്കേസിലും അനുകൂല വിധി വന്നിരുന്നു. എന്നാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്നാണ് നോർത്ത് പൊലീസ് അന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രതികരിക്കുകയുണ്ടായി. ' എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി മുരളീധരനോടും എം ടി രമേശിനോടും പരാതി ഉന്നയിച്ചിരുന്നു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരെ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല'- യുവതി പറഞ്ഞു.