ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നടപ്പിലാകുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്‌ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത്:
'മലയോര മേഖലയിലെ പ്രശ്‌നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തു. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി. ഇനി സബ്‌ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ട്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതോടെ നടപ്പിലാകുന്നത്. ഭൂമി പതിച്ച് കിട്ടിയവർ കൈമാറ്റത്തിനടക്കം നേരത്തേ ഒരുപാട് ബുദ്ധിമുട്ടി. പുതിയ ഭേദഗതി വരുന്നതോടെ ഇത് എളുപ്പമാകും. ഇതിനായി നിലവിലുള്ള ഉടമസ്ഥന് തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങും. അപേക്ഷ സമർപ്പിക്കാനും തുടർനടപടികൾ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിലെ അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം വരെ സമയം അനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടിനൽകും. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമഭേദഗതി സർക്കാർ പാസാക്കിയത്.
ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദേശമാണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭ ചട്ടഭേദഗതി പരിഗണിച്ചത്. നിശ്ചിത സമയപരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല. പട്ടയഭൂമിയിലെ പൊതു - സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിംഗ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കും.'