ഡിവോഴ്‌സ് ജീവിതത്തിന്റെ അവസാനമല്ല, ആത്മഹത്യ ചെയ്തില്ല, തലയുയർത്തിപ്പിടിച്ച് ജീവിക്കുന്നു; ഷമീമയുടെ ജീവിതം
വിസ്മയ, അതുല്യ, ഫസീല അങ്ങനെ ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ മാനസികവും ശാരീരികവുമായ പീഡനം മൂലം ജീവനൊടുക്കേണ്ടിവന്ന നിരവധി യുവതികൾ നമ്മുടെ നാട്ടിലുണ്ട്. സമീപകാലത്തായി ഇത്തരം സംഭവങ്ങൾ കൂടിക്കൂടി വരികയാണ്.
എന്നാൽ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. തലയുയർത്തിപ്പിടിച്ച് ജീവിച്ചുകാണിച്ചുകൊടുക്കണമെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയും, എഴുത്തുകളിലൂടെ മറ്റുള്ളവർക്ക് ബോധവത്കരണം നൽകുകയും ചെയ്യുകയാണ് സൈക്കോളജിസ്റ്റായ ഷമീമ അബ്ദുൽ അസീസ്.
മലപ്പുറത്തെ ഓർത്തഡോക്സ് മുസ്ലിം ഫാമിലിയിൽ ജനിച്ച ഷമീമ പത്തൊമ്പതാമത്തെ വയസിലാണ് ആദ്യമായി ഒറ്റയ്ക്ക് ബസിൽ കയറുന്നതുപോലും. എന്നാൽ അനുഭവങ്ങൾ ഈ ഇരുപ്പത്തിയൊമ്പതുകാരിയെ ഏറെ കരുത്തുള്ളവളാക്കി. തന്റെ അനുഭവങ്ങൾ അവർ കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
ഷമീമ അബ്ദുൽ അസീസിനെക്കുറിച്ച്
1996ൽ സൗദി അറേബ്യയിലെ റിയാദിലാണ് ഞാൻ ജനിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി ചത്തോലിൽ അബ്ദുൽ അസീസ് - ഹലീമ അബ്ദുൽ അസീസ് ദമ്പതികളുടെ മകളാണ്. പത്താം ക്ലാസുവരെ പഠിച്ചതും സൗദിയിലാണ്. പാലക്കാട് മൗണ്ട് സീനയിലായിരുന്നു ഹയർ സെക്കൻഡറി പഠനം. മഞ്ചേരി എച്ച് എം കോളേജിൽ ബി എസ് സി സൈക്കോളജി പഠിച്ചു. എറണാകുളം കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി സൈക്കോളജിയും പഠിച്ചു.
2020ൽ പിജി കഴിഞ്ഞയുടൻ മലപ്പുറം മരവട്ടം ഗ്രേസ് വാലി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയി ചുമതലയേറ്റു. രണ്ട് വർഷത്തിന് ശേഷം ജോലി രാജിവച്ച് യുഎഇയിലേക്ക് പോയി. 2022 നവംബർ മുതൽ ദുബായിലെ ദ ഇന്ത്യൻ ഹൈസ്‌ക്കൂളിൽ കൗൺസിലറായി ജോലി ചെയ്യുന്നു. കൂടാതെ മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ പി എച്ച് ഡി ചെയ്യുന്നുണ്ട്.
പഠനകാലം മുതൽ എഴുത്തുകളിലും പൊതുപ്രവർത്തനങ്ങളിലും സജീവമാണ്. 2017ലായിരുന്നു വിവാഹം. ഒരു മകനുമുണ്ട്. 2023ൽ വേർപിരിഞ്ഞു. 2024ൽ നിയമപരമായി ഡിവോഴ്സ് ലഭിച്ചു. ആറ് വയസുകാരനായ മകനൊപ്പം ദുബായിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എഴുത്തുകളിലൂടെ സജീവമാണ്. അടിവര, പ്രാന്ത് പോകുന്നിടം, ജാഡ സ്‌റ്റോറീസ് എന്നീ പ്രധാനപ്പെട്ട ഇൻസ്റ്റാഗ്രാം പേജുകൾ എന്റെ എഴുത്തുകൾ ഫീചർ ചെയ്തിട്ടുണ്ട്. ഗൂസ്‌ബെറി പബ്ലിക്കേഷൻസിന്റെ 'ഹാപ്പിലി ഡിവോഴ്സ്ഡ്' എന്ന പുസ്‌തകത്തിൽ ഒരു ചാപ്റ്ററിലൂടെ എന്റെ അനുഭവവും എഴുതിയിട്ടുണ്ട്.
ഹാപ്പിലി ഡിവോഴ്സ്ഡ്
ഈ പുസ്തകത്തിൽ ഞാനടക്കം പതിമൂന്ന് വിവാഹമോചിതരുടെ കഥകളാണ് ഉള്ളത്. പല സാഹചര്യങ്ങളിൽ പല പ്രശ്നങ്ങൾ മൂലം വിവാഹ ബന്ധം വേർപെടുത്തുകയും പല രീതിയിൽ ജീവിതം മുന്നോട്ടുനയിക്കുകയും ചെയ്യുന്നവരാണ്. മാദ്ധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ നിഷ രത്നമ്മയാണ് പുസ്തകം എഡിറ്റ് ചെയ്തത്.
ഒരാളെ ഡിവോഴ്സ് ചെയ്യാൻ പ്രേരിപ്പിക്കുന്നതല്ല ഈ പുസ്തകം. നിസ്സഹായരായി നിൽക്കുന്നവരുടെ മുന്നിലേക്ക്, ഡിവോഴ്സിന് ശേഷവും ജീവിതമുണ്ടെന്ന് തെളിയിക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. എന്ത് ചെയ്യും, എങ്ങനെ ജീവിക്കുമെന്ന ചിന്ത കൊണ്ടാണ് പലരും ടോക്സിക് റിലേഷനിൽ തങ്ങിനിൽക്കുന്നത്. വിദ്യാഭ്യാസവും ബോധവത്കരണവുമൊക്കെ ഉണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ തുടർക്കഥയാകുകയാണ്. പുറത്തറിയുന്നതും അറിയാത്തതുമായ എത്രയോ സംഭവങ്ങൾ ഉണ്ടാകുന്നു.
ഹാപ്പിലി ഡിവോഴ്സിഡിന്റെ ഫസ്റ്റ് എഡിഷൻ കഴിഞ്ഞ ഷാർജ പുസ്തക മേളയിലായിരുന്നു പുറത്തിറക്കിയത്. സെക്കൻഡ് എഡിഷനിലാണ് എന്റെ എഴുത്തുള്ളത്. അത് ഇപ്രാവശ്യത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിലാണ് പുറത്തിറക്കിയത്.
പ്രണയ വിവാഹം
ഒരുപാട് എതിർപ്പുകൾ മറികടന്നാണ് ബി എസ് സി സൈക്കോളജി പഠനം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. ഞാനെടുത്ത വിഷയമായിരുന്നു എതിർപ്പിന്റെ കാരണം. സൈക്കോളജി പഠിച്ചാൽ വട്ടാവും എന്ന അബദ്ധധാരണയായിരുന്നു വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെയുണ്ടായത്. ഇതിനിടയിൽ സഹപാഠിയായ സുഹൃത്തിന്റെ കസിനെ പരിചയപ്പെട്ടു, സുഹൃത്തുക്കളായി. ആദ്യം ബ്രോ -സിസ് ബന്ധമായിരുന്നെങ്കിലും പിന്നീടത് പ്രണയത്തിലേക്ക് വഴിമാറി.
ഡിഗ്രി അവസാനവർഷമായപ്പോഴേക്ക് വീട്ടിൽ വിവാഹാലോചനകൾ വന്നുതുടങ്ങി. സാമ്പത്തികമായി പിന്നാക്കമായതിനാലും സ്വന്തമായി വീടില്ലാത്തതിനാലും പല ആലോചനകളും മുടങ്ങി. ഈ അവസരത്തിൽ പ്രണയം വീട്ടിൽ അവതരിപ്പിച്ചു. 2016 സെപ്തംബറിൽ വിവാഹ നിശ്ചയം, ഒരുവർഷത്തിനിപ്പുറം വിവാഹവും നടന്നു.
ദാമ്പത്യത്തിലെ താളപ്പിഴകൾ
വിവാഹ മോചന ഉടമ്പടിയുള്ളതിനാൽ എല്ലാം വെളിപ്പെടുത്തുന്നില്ല. പരസ്പരം ഒത്തുപോകാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായി. ഭാര്യയും ഭർത്താവും എഫർട്ട് ഇടുമ്പോഴാണ് ഏതൊരു ബന്ധവും ഊഷ്മളമാകുന്നത്. ആ എഫർട്ട് പങ്കാളികളിലൊരാൾ മാത്രമായാൽ ദാമ്പത്യത്തിൽ മടുപ്പുണ്ടാകും. ചെറിയ ചെറിയ പരിഭവങ്ങൾ വലിയ വഴക്കിലും കൈയാങ്കളിയിലുമെത്തി.
ആദ്യത്തെ ഒരു വർഷം വലിയ പ്രശ്നമില്ലായിരുന്നു. പിന്നീടാണ് അസ്വാരസ്യങ്ങൾ തുടങ്ങിയത്. കുറേ പിടിച്ചുനിൽക്കാൻ നോക്കി. സംസാരിച്ചുനോക്കി, കുടുംബങ്ങളെ ഇടപെടുത്തി നോക്കി.സഹികെട്ട് 2022ൽ വീട്ടിൽ നിന്നിറങ്ങി. രണ്ടര മാസത്തോളം എന്റെ വീട്ടിൽത്തന്നെയായിരുന്നു. പിന്നെ അവരുടെ വീട്ടിൽ നിന്ന് ആളുകൾ വന്നു, ഇനി പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞു. ഒരുമിച്ച് നിൽക്കാത്തതിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് നാട്ടിലെ ജോലി രാജിവയ്‌പ്പിച്ച് ദുബായിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്ന് കുറച്ചധികം പ്രശ്നങ്ങളുണ്ടായി. ആറ് വർഷം നോക്കി. ഒട്ടും പറ്റാതായതോടെയാണ് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഒട്ടും എളുപ്പമായിരുന്നില്ല ഒന്നും. എന്റെ സ്വന്തം വീട്ടുകാരുടെ ഭാഗത്തുനിന്നുപോലും തുടക്കത്തിൽ വലിയ സപ്പോർട്ടൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഡിവോഴ്സായി നിൽക്കുന്നതിൽ ചെറിയ അനിഷ്ടം കാണിക്കുന്നുണ്ട്. നാട്ടുകാരെന്ത് വിചാരിക്കും, മോനില്ലേ, മോനുവേണ്ടി പിടിച്ചുനിന്നുകൂടെയെന്നാണ് പറഞ്ഞത്. മക്കൾക്ക് വേണ്ടിയാണ് പല വിവാഹ ബന്ധങ്ങളും നിലനിന്നുപോകുന്നത്. പക്ഷേ ടോക്സിക്ക് റിലേഷനിൽ നിൽക്കുമ്പോൾ മക്കൾക്കാണ് ഏറ്റവും ബുദ്ധിമുട്ട്. സമൂഹം എന്ത് വിചാരിക്കുമെന്ന ചിന്ത, സമൂഹത്തിന് വിചാരിക്കാനാണെങ്കിൽ ഇതല്ലെങ്കിൽ വേറെന്തെങ്കിലും കാണും. അതിനുവേണ്ടി നമ്മുടെ സമാധാനവും സന്തോഷവും ത്യജിക്കേണ്ട കാര്യമില്ല.
പത്തൊമ്പതാമത്തെ വയസിലാണ് പുള്ളിയെ കണ്ടത്. ഇരുപതാം വയസിൽ വിവാഹം ഉറപ്പിച്ചു. ഇരുപത്തിയൊന്നാം വയസിൽ വിവാഹം. ഇരുപത്തിമൂന്നാം വയസിൽ മോനുണ്ടായി. മെച്യൂരിറ്റി ആകുന്നതിന് മുമ്പ് എടുത്ത തീരുമാനമായിപ്പോയി. ഈ പ്രായത്തിലാണ് പുള്ളിയെ കണ്ടിരുന്നതെങ്കിൽ ആ റിലേഷൻ ഒരു മാസത്തിലധികം പോകില്ലെന്ന് ഉറപ്പാണ്. ഞാൻ റോംഗ് പ്ലെയിസിലാണെന്ന് മനസിലാക്കാൻ സമയമെടുത്തു. അപ്പോഴേക്ക് മോനായി. പിന്നെ പിടിച്ചുനിൽക്കലായി. എന്നെ സംബന്ധിച്ചിടത്തോളം റിലേഷൻഷിപ്പിന്റെ അടിസ്ഥാനം പരസ്പരം മനസിലാക്കലും ഒന്നിച്ച് വളരലുമാണ്. ഞാൻ ഒരുപാട് വായിക്കുന്ന, സോഷ്യൽ സർവീസസൊക്കെയുള്ള, രാഷ്ട്രീയപരമായും ഇറങ്ങിനടന്ന് പ്രവർത്തിക്കാനൊക്കെ ഇഷ്ടമുള്ളയാളാണ്. പക്ഷേ അതൊക്കെ അപകർഷതാ ബോധമായെടുത്ത്, നമ്മൾ വളരുന്നതിനോട് താത്പര്യമില്ലാത്ത, സ്വയം വളരുകയുമില്ലാത്തയാളായിരുന്നു. അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ടായി. ഡിവോഴ്‌സിന് ശേഷം ഡിപ്രഷനിലേക്ക് പോയിരുന്നു.
ഡിവോഴ്സിന് ശേഷം
ഞാനെന്താണെന്ന് എനിക്ക് തിരിച്ചറിയാനായത് ഡിവോഴ്സിന് ശേഷമാണ്. എന്തൊക്കെ എനിക്ക് വേണമെന്നൊക്കെ അപ്പോഴാണ് മനസിലായത്. ചുറ്റുമുള്ള ലോകം ഒരു നിബന്ധനകളുമില്ലാതെ കുറച്ചുകൂടി വിശാലമായി കാണാനായി. ഫേസ്ബുക്കിലെ എഴുത്തുകളിലേക്കൊക്കെ കടന്നത് ഡിവോഴ്സിന് ശേഷമാണ്. ഞാൻ സുന്ദരിയായെന്ന് കുറേപ്പേർ പറഞ്ഞു. ഒരു ടോക്സിക്കായ റിലേഷൻഷിപ്പിൽ നിൽക്കുന്നത് നമ്മുടെ ഫിസിക്കൽ ബ്യൂട്ടിയെപ്പോലും ബാധിക്കുന്നുണ്ടെന്ന് എന്റെ അനുഭവത്തിൽ നിന്ന് മനസിലായി.
വിവാഹത്തിന് മുമ്പ് കുറേ എഴുതിയിരുന്നു.പഠനസമയത്തൊക്കെ എഴുതുകയും സമ്മാനങ്ങൾ ലഭിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ ഫേസ്ബുക്കിനൊക്കെ റീച്ച് കൂടി. കരിയർ ഫോക്കസ് ചെയ്യാനായതും ഡിവോഴ്സിന് ശേഷമാണ്. ഒരുപാട് അച്ചീവ്‌മെന്റ്സ് കിട്ടി. ദുബായിലെ സൈക്കോളജിസ്റ്റ് ലൈസൻസൊക്കെ കിട്ടി. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നു. എന്റെ ആദ്യ പുസ്തകം ഷാർജ പുസ്തക മേളയിൽ പബ്ലിഷ് ചെയ്യും. കുറച്ചുകൂടി പത്വതയുള്ളവളാകാനും ഇൻഡിപെൻഡാകാനുമൊക്കെ സാധിച്ചു.
ഡിവോഴ്സാകുകയെന്നത് ജീവിതത്തിന്റെ അവസാനമല്ല. ഇതിനുശേഷവും ജീവിതമുണ്ട്. ജീവിതമെന്ന് പറയുന്നത് ഒരു റിലേഷൻഷിപ്പിൽ മാത്രം ഒതുങ്ങേണ്ട സംഭവമല്ല. ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് അതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.