'ഐപിഎല്ലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു',​ പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി അശ്വിൻ

Wednesday 27 August 2025 2:41 PM IST

ചെന്നൈ: ഐപിഎല്ലിൽ നിന്നും താൻ വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തി മുതിർന്ന സൂപ്പർതാരം ആർ അശ്വിൻ. 38കാരനായ അശ്വിൻ തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്. 2025 ഐപിഎൽ സീസണിലേക്കുള്ള മെഗാ ലേലത്തിൽ 9.75 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) അശ്വിനെ സ്വന്തമാക്കിയിരുന്നു. വരുന്ന സീസണ് മുന്നോടിയായി സിഎസ്‌കെ താരത്തെ കൈമാറ്റം ചെയ്യുമെന്നുള്ള വാർത്ത പ്രചരിക്കുന്നതിനിടെയാണ് പെട്ടെന്ന് ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചത്.

'വിശേഷപ്പെട്ടൊരു ദിവസവും അതുകൊണ്ടുതന്നെ വിശേഷപ്പെട്ടൊരു തുടക്കവും. എല്ലാ അവസാനങ്ങളും ഒരു പുതിയ തുടക്കമാണെന്ന് പറയാറുണ്ട്. ഐപിഎല്ലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു. എന്നാൽ മത്സരത്തിന്റെ വിവിധ ലീഗുകളിൽ കളിക്കുന്നതിനുള്ള എന്റെ സമയം ഇന്നുതുടങ്ങും. വർഷങ്ങളായി എനിക്ക് നൽകിയ അത്ഭുതകരമായ ഓർമ്മകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. ഐപിഎൽ സംഘാടകർക്കും ബിസിസിഐയ്‌ക്കും ഇതുവരെ നൽകിയതിനെല്ലം ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.' അശ്വിൻ കുറിച്ചു.

കഴിഞ്ഞ ഡിസംബറിൽ ബോർ‌ഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഓസ്‌ട്രേലിയയിൽ വച്ചാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 106 ടെസ്‌റ്റുകളിലായി 151 ഇന്നിംഗ്‌സുകളിൽ 3503 റൺസ് നേടിയ താരമാണ് അശ്വിൻ. ആറ് സെഞ്ച്വറികളും 14 അർദ്ധ സെഞ്ച്വറികളും അശ്വിൻ നേടിയിട്ടുണ്ട്. 537 വിക്കറ്റുകൾ വീഴ്‌ത്തിയ അശ്വിൻ, കുംബ്ളെ കഴിഞ്ഞാൽ ഇന്ത്യയിലെ മികച്ച ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തിൽ 116 മത്സരങ്ങളിൽ 154 വിക്കറ്റുകൾ വീഴ്‌ത്തി. ട്വന്റി 20യിൽ 65 മത്സരങ്ങളിൽ 72 വിക്കറ്റുകൾ നേടി.

അതേസമയം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും ഡൽഹി ക്യാപിറ്റൽസിനായും രാജസ്ഥാൻ റോയൽസിനായും അശ്വിൻ രംഗത്തിറങ്ങിയിട്ടുണ്ട്. കിംഗ്സ് ഇലവൻ ഫ്രാഞ്ചൈസിയെ നയിക്കുകയും ചെയ്‌തു. 221 മത്സരങ്ങളിൽ 187 വിക്കറ്റുകൾ നേടി.