'മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, കണ്ണാടിയിൽ നോക്കണം,  ലൈംഗികാപവാദ കേസിൽപ്പെട്ട  രണ്ടുപേർ   മന്ത്രിസഭയിലുണ്ട്'

Wednesday 27 August 2025 2:46 PM IST

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാക്കിയുള്ള ആളുകൾ പറയുന്നത് കേട്ടിട്ടുവേണം വേണ്ടത് ചെയ്യാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശത്തിന് നന്ദി. എന്നാൽ മുഖ്യമന്ത്രി ഇന്ന് പറഞ്ഞതുപോലെ പരാതിയോ കേസോ ഇല്ലെങ്കിലും ധാർമികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിന്റെ പേരിലും രാഹുലിനെതിരെ ഞങ്ങൾ നടപടിയെടുത്തു. പാർട്ടിക്കെടുക്കാവുന്ന ഏറ്റവും വലിയ നടപടിയെടുത്ത് മാറ്റിനിർത്തി'- വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'എന്റെ നേരെ വിരൽചൂണ്ടിയ മുഖ്യമന്ത്രിയോട് പറയാനുള്ളത്, ബാക്കി നാല് വിരലുകളും അദ്ദേഹത്തിന്റെ നേരെയാണ് ചൂണ്ടിയിരിക്കുന്നത് എന്നാണ്. മുഖ്യമന്ത്രി ആരെയൊക്കെയാണ് സംരക്ഷിച്ചിരിക്കുന്നത്. ലൈംഗിക അപവാദക്കേസിൽപ്പെട്ട രണ്ടുപേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. സിപിഎമ്മിലെ ഏറ്റവും സീനിയർ നേതാവ്, പരാതി ഉന്നയിച്ച കേസിലെ പ്രതിയാകേണ്ടയാൾ, പരാതി പൊലീസിന് കൊടുക്കാതെ പാ‌ർട്ടി കോടതിയാക്കി മാറ്റുകയും ആളെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഒപ്പം നിർത്തുകയും ചെയ്തു. പരാതി കൊടുത്തതിന്റെ പേരിൽ ആ നേതാവിനെ മുഖ്യമന്തി മാറ്റിനിർത്തി. നിയമസഭയിലെ ഒരു എംഎൽഎ ബലാത്സംഗ കേസ് പ്രതിയാണ്. അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുത്തില്ല. അതിനും മുഖ്യമന്ത്രി സംരക്ഷണം നൽകുന്നു.

ഒരു അവതാരം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി ആരുടെ കൂടെയായിരുന്നു. ആ അവതാരം എത്ര സിപിഎം നേതാക്കൾക്ക് എതിരായി ആരോപണം ഉന്നയിച്ചു. അവർക്കെതിരെ ഒരു കേസ് എടുത്തോ? ഒരു മുൻമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം വർഷങ്ങളോളം കറങ്ങുകയാണ്. ഇതിൽ നടപടിയെടുത്തോ? ഈ ഏർപ്പാട് മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. എന്നിട്ടും പരാതിയോ എഫ്ഐആറോ ഇല്ലാത്ത കേസിൽ ധാർമികതയുടെ പേരിൽ ഞങ്ങൾ നടപടിയെടുത്തു. ലൈംഗിക അപവാദക്കേസുകളിൽപ്പെട്ട സഹപ്രവർത്തകരെ നേതാക്കന്മാരെയും ഇതുപോലെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ വേറെയില്ല. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, കണ്ണാടിയിൽ നോക്കണം'- വി ഡി സതീശൻ ആരോപിച്ചു.