'നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകില്ല'; കലി തുള്ളി ഷാഫി പറമ്പിൽ
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എം പിക്ക് നേരെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ എം പി കാറിൽ നിന്നിറങ്ങുകയും ആരെയും പേടിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
'തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ. അതിന് വേറെ ആളെ നോക്കണം. സമരം വേണമെങ്കിൽ ചെയ്‌തോ. പേടിപ്പിച്ച് വിടാമെന്ന് നിങ്ങൾ വിചാരിച്ചോ, അതിന് ആളെ വേറെ നോക്കണം. ഒരാളെയും പേടിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല. സമരം ചെയ്യുന്നവർക്ക് ചെയ്യാം. ആ അവകാശത്തെ മാനിക്കുന്നു. പക്ഷേ വേണ്ടാത്ത വർത്താനം പറഞ്ഞാൽ, നായെ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകുമെന്ന് ഒരാളും വിചാരിക്കണ്ട.
സമരം ഞാനും ചെയ്തിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. പക്ഷേ നായേ പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകില്ല. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങൾ ഭയന്നിട്ടില്ല. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ സമരത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്.
ആർക്കും പരിക്ക് പറ്റരുതെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു, വാഹനം തട്ടിയിട്ട് പരിക്കേൽക്കരുതെന്ന് കരുതി വണ്ടി നിർത്തിയിടാൻ പറഞ്ഞു. അങ്ങനെ പറഞ്ഞ ആളാണ്. അതിനിടയിൽ വന്ന് നായേ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേൾക്കാൻ വേറെ ആളെ നോക്കണം. ഏത് വലിയ സമരക്കാർ വന്നാലും. വടകരയിൽ നിന്ന് അങ്ങനെ പേടിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ല. ഇവിടത്തന്നെ കാണും. '- ഷാഫി പറമ്പിൽ പറഞ്ഞു.