'കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കും'; സ്ത്രീയുടെ അടുത്തേക്ക് പാമ്പിനെ കൊണ്ടുവന്നു, ഒടുവിൽ സംഭവിച്ചത്

Wednesday 27 August 2025 3:57 PM IST

പാട്‌ന: ഒരു വ്യക്തിയ്ക്ക് പാമ്പുകടിയേ​റ്റാൽ അധികം വൈകാതെ തന്നെ പ്രഥമ ശുശ്രൂഷ നൽകി ആന്റിവെനമുളള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്മായ ഒരു കാര്യമാണ് ഇപ്പോൾ ബീഹാറിലെ സീതാമർഹി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാമ്പുകടിയേ​റ്റ ഒരു സ്ത്രീയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പാമ്പുകടിയേ​റ്റ ഈ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം ഗ്രാമവാസികൾ ചെയ്ത കാര്യം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

കടിച്ച പാമ്പിനെകൊണ്ടുതന്നെ വിഷം ഇറക്കിപ്പിക്കുകയെന്ന ദുർവിശ്വാസമാണ് ഗ്രാമവാസികൾ ആവർത്തിച്ചിരിക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ പാമ്പുകടിയേ​റ്റ സ്ത്രീ നിലത്ത് കിടക്കുന്നത് കാണാം. അവരുടെ അടുത്തേക്ക് ഒരു യുവാവ് വടിയുപയോഗിച്ച് പാമ്പിനെ കൊണ്ടുവരുന്നുണ്ട്. പിന്നാലെ പാമ്പ് തുടർച്ചയായി സ്ത്രീയുടെ ശരീരത്തിൽ കടിച്ചു. ചു​റ്റും നിൽക്കുന്നവർ പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീയുടെ ആരോഗ്യാവസ്ഥ എന്താണെന്നുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

വീഡിയോയ്ക്ക് വൻവിമർശനങ്ങളാണ് ലഭിക്കുന്നത്. ഇത്തരത്തിലുളള വിശ്വാസങ്ങൾ നടപ്പിലാക്കുമ്പോൾ നിരവധി ജീവനുകൾ നഷ്ടപ്പെടുമെന്ന് ചിലർ പറയുന്നു. പാമ്പുകടിയേ​റ്റാൽ അവരെ ഉടൻ ആശുപത്രിയിലാണ് എത്തിക്കേണ്ടതെന്നാണ് ചിലരുടെ പ്രതികരണം. ഇത്തരം അന്തവിശ്വാസങ്ങൾ പിൻതുടരുതെന്നും ചിലർ പറയുന്നു. സർക്കാർ ഇങ്ങനെയുളള ആചാരങ്ങൾ പിൻതുടരുന്നവർക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും നിർദ്ദേശങ്ങൾ ഉയർന്നു.

അടുത്തിടെ മദ്ധ്യപ്രദേശിലെ കാട്നി ജില്ലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. പാടത്ത് നിന്ന അജ്ഗർ ഖാൻ എന്ന യുവാവിന് പാമ്പുകടിയേ​റ്റിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിക്കാതെ നാട്ടുകാർ ഒരു മന്ത്രവാദിയെ വീഡിയോ കോൾ വിളിച്ച് നിർദ്ദേശങ്ങൾ ചോദിക്കുകയായിരുന്നു. എന്നിട്ട് മന്ത്രവാദി പറയുന്നതിനനുസരിച്ച് നാട്ടുകാർ മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. സമയം വൈകിയിട്ടും യുവാവിന് ഭേദമാകാതെ വന്നതോടെ വീട്ടുകാർ അടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.