"ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം, അതില്‍ കുറഞ്ഞുള്ള പുരോഗമനം മതി"; ജാസ്‌മിനെതിരെ ബിജെപി നേതാവ്

Wednesday 27 August 2025 4:47 PM IST

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ ബിഗ് ബോസ് മുൻതാരം ജാസ്മിൻ ജാഫർ കാൽ കഴുകി റീൽസ് ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യുവതി റീൽസ് പോസ്റ്റ് ചെയ്‌തത്.

ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.ഇതിനിടയിലാണ് ജാസ്മിൻ ജാഫർ വീഡിയോ ചിത്രീകരിച്ചത്.

സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും പുണ്യാഹം നടത്തിയിരുന്നു. ആചാര ലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധികർമ്മങ്ങൾ നടത്തണമെന്ന് ക്ഷേത്രം തന്ത്രി നിർദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഉയർന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഗുരുവായൂരുള്‍പ്പെടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഫോട്ടോയോ വീഡിയോ എടുക്കുന്നത് വിലക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഫോട്ടോയും വീഡിയോയും എടുക്കാന്‍ അവകാശം ഭക്തര്‍ക്ക് മാത്രമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങളെന്നും ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണമെന്നും അതില്‍ കുറഞ്ഞുള്ള പുരോഗമനം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഗുരുവായൂരിലെ പുണ്യാഹം....

പുരോഗമനവാദികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം വലിയ തോതില്‍ നിലവിളിയുമായ് എത്തിയത് ശ്രദ്ധയില്‍ പെട്ടു.... പലരും വിഷയത്തിലെ അഭിപ്രായവും ചോദിക്കുന്നുണ്ട്....

ഗുരുവായൂരുള്‍പ്പെടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഫോട്ടോയോ വീഡിയോ എടുക്കുന്നത് വിലക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.... അതിന്‍റെ കാര്യകാരണങ്ങള്‍ പറയേണ്ട വേദി ഇതല്ല അതുകൊണ്ട് പറയുന്നില്ല....

പക്ഷേ....

ആ ഫോട്ടോയും വീഡിയോയും എടുക്കാന്‍ അവകാശം ഭക്തര്‍ക്ക് മാത്രമാണ്.... ചിലര്‍ക്ക് ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങള്‍.... ഫോട്ടോഷൂട്ട് കേന്ദ്രങ്ങളല്ലെന്ന് അര്‍ത്ഥം....

അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം.... അതില്‍ കുറഞ്ഞുള്ള പുരോഗമനം മതി....

ഇത് ചെയ്തത് ക്ഷേത്രത്തില്‍ ഭക്തി കൊണ്ടെത്തുകയും ശേഷം മനോഹരമായ ഒരു കുളമോ അരയാലോ ഒക്കെ കാണുമ്പോള്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്ത ആളാണേല്‍ അഭിപ്രായം മറ്റൊന്നായേനെ....ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട..