50 സെന്റീമീറ്റർ നീളമുള്ള ട്യൂബ് നെഞ്ചിൽ കുടുങ്ങി, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി
Wednesday 27 August 2025 4:51 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്നാണ് ആരോപണം. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതി ഉന്നയിച്ചത്.
50 സെന്റീമീറ്റർ നീളമുള്ള ട്യൂബ് കുടുങ്ങിയെന്നാണ് ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നത്. രണ്ടുവർഷം മുൻപ് ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്റെ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്നും ഇക്കാര്യം അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിക്കുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയി. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്നും ഡോക്‌ടർ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.