'ഗദ്ദിക -2025' പട്ടികജാതി /പട്ടികവർഗ കലാ - വിപണനമേള നാളെ മുതൽ

Thursday 28 August 2025 12:59 AM IST
ഗദ്ദിക- 2025

കൊച്ചി: പട്ടികജാതി/ വർഗ വിഭാഗങ്ങളുടെ തനത് കലകളും പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുമായി 'ഗദ്ദിക- 2025' ന് നാളെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങുണരും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് യി സ്വാഗതസംഘം ചെയർമാൻ കൂടിയായ മേയർ അഡ്വ. എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പട്ടികജാതി-വർഗ ക്ഷേമവകുപ്പ്, പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 4വരെ നടക്കുന്ന മേളയിൽ ആദിവാസി ഗോത്ര രുചി വൈവിദ്ധ്യങ്ങൾ, പരമ്പരാഗത ചികിത്സാരീതികൾ, ഔഷധങ്ങൾ, വനവിഭവങ്ങൾ എന്നിവ പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്.

നാളെ വൈകിട്ട് 4.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആർ. കേളു അദ്ധ്യക്ഷനാകും. മന്ത്രി എം.ബി. രാജേഷ് വിപണനമേള ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. തുടർന്ന് ജാസി ഗിഫ്റ്റിന്റെ സംഗീതവിരുന്നും പാരമ്പര്യകലാമേളയും.

30ന് വൈകിട്ട് 3.30ന് വിദ്യാഭ്യാസ സെമിനാർ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ നൃത്തം, തുടർന്ന് കലാരൂപങ്ങൾ. 31ന് വൈകിട്ട് 3.30ന് സഹകരണ സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് പുഷ്പവതിയുടെ സംഗീതസായാഹ്നം, തുടർന്ന് ഗോത്രകലകൾ. സെപ്തംബർ 1ന് 3.30ന് കാർഷിക സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് പരമ്പരാഗത കലാപരിപാടികൾ. 2ന് വൈകിട്ട് 6ന് പ്രസീദ ചാലക്കുടി നയിക്കുന്ന നാടൻപാട്ടുമേള, തുടർന്ന് ഗോത്രകലാവതരണം. 3ന് വൈകിട്ട് 3.30ന് നിയമബോധന സെമിനാർ. തുടർന്ന് ഗദ്ദിക, പളിയനൃത്തം തുടങ്ങിയ കലാപരിപാടികൾ. 4ന് രാവിലെ 11ന് സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.