'ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്'; ഓണാഘോഷം വേണ്ടെന്ന അദ്ധ്യാപികയുടെ നിർദേശത്തിനെതിരെ മന്ത്രി
തിരുവനന്തപുരം: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നുമുള്ള അദ്ധ്യാപികയുടെ സന്ദേശത്തിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസിൽ വേർതിരിവുകൾ ഉണ്ടാക്കരുത്. സ്‌കൂളുകളിൽ യാതൊരു വേർതിരിവുകളും അനുവദിക്കില്ല. വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തൃശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സ്കൂളിൽ ഓണാഘോഷം നടക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിൽ കാണും. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ട് അദ്ധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്.
തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അദ്ധ്യാപികയാണ് സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് നിർദേശിച്ചത്. പിന്നാലെ വിദ്വേഷ പരാമർശത്തിന് അദ്ധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പിൽ അദ്ധ്യാപിക ഓഡിയോ സന്ദേശം അയച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഡിവെെഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. അതേസമയം, അദ്ധ്യാപിക വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്കൂളിന്റെ നിലപാടല്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.