പുഴ നീന്തിക്കടന്ന് നാട്ടിലേക്ക് ഇവരെത്തും, കൃഷി നശിപ്പിച്ച് നാട്ടുകാരെ വിരട്ടി മടങ്ങും

Wednesday 27 August 2025 6:36 PM IST

പെരുമ്പാവൂർ: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാനശല്യം രൂക്ഷം. കയറ്റുവ, പാണിയേലി, മേക്കപ്പാല, മുനിപ്പാറ, കരുണൂർ തുടങ്ങിയ ഭാഗങ്ങളിലെ കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതവും തടസമാകുന്നുണ്ട്. പെരിയാറിന്റെ വടക്കേ കരയിൽ നിന്നും പുഴകടന്നെത്തുന്ന ആനകൾ കോട്ടപ്പാറയിലെ അക്കേഷ്യ പ്ലാന്റേഷനിൽ താവളമുറപ്പിക്കുന്നതാണ് കാട്ടാനശല്യത്തിന്റെ പ്രധാന പ്രശ്നം.

വേലികൾ തകർക്കുന്നു

വനത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള വേലികൾ 25 അടിയിലേറെ ഉയരമുള്ള അക്കേഷ്യ മരങ്ങൾ തള്ളിമറിച്ചിട്ട് ആനകൾ നശിപ്പിക്കുന്നു. ഇതുവഴിയാണ് ഇവ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. അമ്പത് വർഷത്തിലേറെയായി ഈ പ്രദേശത്ത് യൂക്കാലിപ്സ് കൃഷി ചെയ്തിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് കമ്പനി പന്ത്രണ്ട് വർഷം മുൻപ് പകരം അക്കേഷ്യ വച്ചുപിടിപ്പിക്കുകയും പിന്നീട് തോട്ടം ഉപേക്ഷിച്ചു. ഇതോടെ കാട്ടാനകൾ അവിടെ തമ്പടിക്കാൻ തുടങ്ങി.

വേലികളോട് ചേർന്ന് 20 മീറ്റർ വീതിയിലുള്ള അക്കേഷ്യ മരങ്ങൾ നീക്കം ചെയ്താൽ വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് ഫലപ്രദമായി തടയാൻ കഴിയും. വന്യജീവികളുടെ ശല്യം തടയാൻ ആവശ്യമായ അടിയന്തര നടപടികൾ വനംവകുപ്പ് സ്വീകരിക്കണം റെജി ഇട്ടൂപ്പ് ജില്ലാ വൈസ് പ്രസിഡന്റ് കർഷക കോൺഗ്രസ്‌