പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് നീക്കമുണ്ട്. സ്ത്രീകളുടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് ബി.എൻ.എസിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
രാഹുലിന്റെ പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും ഗൗരവപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പൊലീസ് മേധാവി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് രാഹുലിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
ഉന്നത പൊലീസുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് കേസെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഹുലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുളള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു.