സഞ്ജു മടങ്ങി, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വീണു; കാലിക്കറ്റിന്റെ ജയം 33 റണ്‍സിന്

Wednesday 27 August 2025 7:09 PM IST

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. സൂപ്പര്‍താരം സഞ്ജു സാംസണ്‍ കളിക്കാതിരുന്ന മത്സരത്തില്‍ 33 റണ്‍സിനായിരുന്നു കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് കൊച്ചിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ കൊച്ചിയുടെ മറുപടി 19 ഓവറില്‍ 216 റണ്‍സില്‍ അവസാനിച്ചു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചിക്ക് നല്ല തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വിനൂപ് മനോഹരന്‍ 36(17), മുഹമ്മദ് ഷാനു 53(22), രാകേഷ് കെജെ 38(30) എന്നിങ്ങനെയായിരുന്നു ടോപ് 3 ബാറ്റര്‍മാരുടെ സംഭാവന. എന്നാല്‍ പിന്നീട് വന്ന നിഖില്‍ തോട്ടത്ത് 2(3), അജീഷ് കെ 5(5), ക്യാപ്റ്റന്‍ സാലി സാംസണ്‍ 9(8), ആല്‍ഫി ഫ്രാന്‍സിസ് 18(11) എന്നിവര്‍ നിരാശപ്പെടുത്തി. മുഹമ്മദ് ആഷിക് 11 പന്തുകളില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 38 റണ്‍സെടുത്തുവെങ്കിലും കൊച്ചിയെ ജയത്തിലേക്ക് നയിക്കാന്‍ അത് മതിയാകുമായിരുന്നില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് വമ്പന്‍ സ്‌കോറിലെത്തിയത്. 43 പന്തുകളില്‍ നിന്ന് എട്ട് സികിസറുകളും ആറ് ബൗണ്ടറിയും സഹിതം 94 റണ്‍സാണ് താരം അടിച്ചെടുത്തത്. സുരേഷ് സച്ചിന്‍ 28(19), എം. അജ്‌നാസ് 49(33), അഖില്‍ സ്‌കറിയ 45*(19), സല്‍മാന്‍ നിസാര്‍ 13(5), മനു കൃഷ്ണന്‍ 10*(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. സൂപ്പര്‍താരം സഞ്ജു സാംസണ്‍ ഏഷ്യ കപ്പ് ടീമിനൊപ്പം ചേരുന്നതിനായി കെസിഎല്‍ ക്യാമ്പ് വിട്ടു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരത്തിന്റെ സേവനം കൊച്ചിക്ക് ലഭിക്കില്ല.