ഇപ്പോള്‍ കിലോയ്ക്ക് വില 560, ഈ ആഴ്ച തന്നെ ഇനിയും കൂടാം; സംഭവിക്കുന്നത് പ്രതീക്ഷിച്ച കാര്യം

Wednesday 27 August 2025 8:25 PM IST

കൊച്ചി: ഉപ്പേരിക്ക് മലയാളിക്ക് പ്രിയമാണെങ്കിലും വില്പന തിളച്ചുമറിയുന്നത് ഓണക്കാലത്താണ്. വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന ഉപ്പേരിയില്ലാതെ സദ്യ അപൂര്‍ണം. എന്നാല്‍ ഇക്കുറി വെളിച്ചെണ്ണ വില റെക്കാഡില്‍ നില്‍ക്കുമ്പോള്‍ ഉപ്പേരി ആളുകളുടെ കൈ പൊള്ളിക്കും. ഒപ്പം പോക്കറ്റും കാലിയാക്കും. കഴിഞ്ഞ തവണ 400-450 ല്‍ നിന്ന ഉപ്പേരിക്ക് അത്തദിനത്തില്‍ 540-560 രൂപയാണ് കിലോവില. എങ്കിലും ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ബേക്കറികളിലും വില്പനയ്ക്ക് ഉപ്പേരി ഇടം പിടിച്ചുകഴിഞ്ഞു.

വെളിച്ചെണ്ണയ്‌ക്കൊപ്പം ഏത്തക്കായ്ക്കും വില കൂടിയതോടെയാണ് ഉപ്പേരിക്ക് ഇത്രയും വില വര്‍ദ്ധിച്ചത്. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വില കുറയും. രുചിയും. പക്ഷേ, എല്ലാ കടകളിലും വെളിച്ചെണ്ണയിലാണ് ഉപ്പേരി വറത്തുകോരുന്നതെന്നാണ് അവകാശവാദം.

ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയിലെ വിപണികളിലേക്കു വന്‍തോതില്‍ വാഴക്കുലകള്‍ എത്തുന്നുണ്ട്. ഏത്തക്കായയ്ക്കു കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം 36 - 40 രൂപയായിരുന്നത് ഇത്തവണ 55 രൂപയായി ഉയര്‍ന്നിട്ടുണ്ട്. വെളിച്ചെണ്ണ വിലയും കിലോയ്ക്ക് 400-450നിടയിലാണ്. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമെല്ലാം കൊച്ചിയില്‍ നിന്ന് ഉപ്പേരി കയറ്റി അയക്കുന്നുണ്ട്.

ശര്‍ക്കര വരട്ടിക്കും തീവില

ഉപ്പേരിക്കൊപ്പം തന്നെ പ്രാധാന്യമുണ്ട് ശര്‍ക്കരവരട്ടിക്കും. ഓണമടുത്തതോടെ ആവശ്യക്കാരേറെയാണ്. കിലോഗ്രാമിനു 380 - 400 രൂപയായിരുന്നു മുന്‍ വര്‍ഷമെങ്കില്‍ ഇത്തവണയത് 540- 560 ആണ്.

ഓണമടുക്കുമ്പോള്‍ വില്പന കൂടും. ആവശ്യക്കാര്‍ ഒരുപാടെത്തും - നവാസ് വറവുകട എറണാകുളം.