വിരട്ടലുമായി ഇങ്ങോട്ട് വരേണ്ട: മുഖ്യമന്ത്രി

Thursday 28 August 2025 12:33 AM IST

തിരുവനന്തപുരം: വിരട്ടലുമായി ഇങ്ങോട്ട് വരേണ്ടെന്നും, രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമല വിവാദത്തിൽ ഭക്തരെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയനും, ഹിന്ദുത്വം വൈറസാണെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മാപ്പ് പറഞ്ഞിട്ട് അയ്യപ്പ സംഗമത്തിന് വന്നാൽ മതിയെന്നും അല്ലെങ്കിൽ തടയുമെന്നുമുള്ള ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

നേരത്തെ ഇടതു മുന്നണിക്ക് ന്യൂനപക്ഷ പ്രീണനമെന്നായിരുന്നു ആക്ഷേപം.ഇപ്പോഴത് ഭൂരിപക്ഷ പ്രേമമെന്നായി.എന്നാൽ പലരും കരുതുന്നത് പോലെ അയ്യപ്പസംഗമം സർക്കാർ പരിപാടിയല്ല.തിരുവിതാംകൂർ ദേവസ്വം ബോർഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നതാണ് . ഇത്തരം കാര്യങ്ങൾക്ക് സർക്കാർ സഹായം ചെയ്യാറുണ്ട്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല.

ശബരിമല രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാ സ്ഥലമാണ്. ജാതി മതഭേദ ചിന്തകൾക്കതീതമായി എല്ലാ മതസ്ഥർക്കും എത്തിപ്പെടാൻ കഴിയുന്ന സ്ഥലം. അവിടെയെത്തുന്ന ഭക്തർ വാവരെ കണ്ടാണ് അയ്യപ്പനെ ദർശിക്കാൻ പോകുന്നത്. അത്ര മാത്രം മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലത്ത് ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. അയ്യപ്പ സംഗമത്തിന് സംസ്ഥാനത്തിന് പുറത്തുള്ളവർക്കും താൽപര്യമാണ്.അതു കൊണ്ട് നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെ എന്നാണ് സർക്കാർ നിലപാട്.ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ അക്രമ സംഭവങ്ങൾ ഒഴികെ മറ്റെല്ലാം

പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. ഇവരുടെയെല്ലാം നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ആ തീരുമാനമെടുത്തത്. അതിൽ ഒന്നും ബാക്കി നിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു