എ.ഐ ക്യാമറ: കോൺഗ്രസ് നേതാക്കളുടെ ഹർജി തള്ളി
കൊച്ചി: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ട്രാഫിക് നിരീക്ഷണത്തിനുള്ള എ.ഐ ക്യാമറകൾ സ്ഥാപിച്ചതിനെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമടക്കം നൽകിയ പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
എ.ഐ. ക്യാമറ കരാറുകളിൽ അഴിമതിയും നടപടിക്രമങ്ങളിൽ അപാകതയും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. 236 കോടിയുടെ പദ്ധതിക്കായി കെൽട്രോണിന് കരാർ നൽകിയത് വൈദഗ്ദ്ധ്യം പരിഗണിക്കാതെയാണെന്നും വാദിച്ചു. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് കെൽട്രോണിനെ കരാർ ഏൽപ്പിച്ചതെന്നും ഉപകരാറുകളിൽ സ്വജനപക്ഷപാതമുണ്ടെന്നും ആരോപിച്ചിരുന്നു. ഭരണതലത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണമെന്നും ട്രാഫിക് ക്യാമറകൾ പരാജയമാണെന്നും വാദമുന്നയിച്ചു.
എ.ഐ ക്യാമറകൾ സ്ഥാപിച്ചശേഷം പ്രധാന പാതകളിൽ അപകടങ്ങൾ കുറഞ്ഞതിന്റെയും കോടിക്കണക്കിന് രൂപ പിഴ ചുമത്തിയതിന്റെയും കണക്കുനിരത്തിയാണ് സർക്കാർ ഇതിനെ എതിർത്തത്.
ആരോപണങ്ങൾ ഗുരുതരമാണെങ്കിലും വസ്തുതകളുടെ പിൻബലമില്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. സർക്കാരിന്റെ കരാർ നടപടികളിൽ കോടതി ഇടപെടണമെങ്കിൽ ശക്തമായ തെളിവുകൾ ആവശ്യമാണെന്നും വ്യക്തമാക്കി.
പൊതുതാത്പര്യം
ഇല്ലാതാകുന്നില്ല: സതീശൻ
ഹർജി തള്ളിയതിനെക്കുറിച്ച് ഉത്തരവ് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഹർജി തള്ളിയതുകൊണ്ട് വിഷയത്തിന്റെ പൊതുതാത്പര്യംഇല്ലാതാകുന്നില്ല. പൊതുതാത്പര്യഹർജികൾ പൊതുവേ തള്ളുന്ന സമീപനമാണ് കോടതിയിൽ നിന്ന് കുറച്ചുകാലമായുണ്ടാകുന്നത്. ആവശ്യമായ രേഖകളെല്ലാം ഹർജിയിൽ സമർപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.