വനത്തിൽ കുഴിച്ചിട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Thursday 28 August 2025 12:37 AM IST

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഹേമചന്ദ്രന്റെ ഡി.എൻ.എ ഫലം വന്നതിനു പിന്നാലെയാണ്, രണ്ട് മാസത്തോളമായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

കണ്ണൂർ റീജിയണൽ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനാ ഫലം ചൊവ്വാഴ്ച വന്നെങ്കിലും മൃതദേഹം വിട്ടുനൽകിയിരുന്നില്ല. ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ഇക്കഴിഞ്ഞ ജൂൺ 28 നാണ് പൊലീസ് കണ്ടെടുത്തത്. ഹേമചന്ദ്രനെ ഭാര്യയും ബന്ധുക്കളും തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനാ ഫലം വരട്ടെയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. തുടർന്ന് ഹേമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

2024 മാർച്ച് 20നാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ (53) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാടക വീട്ടിൽ നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാതായതോടെ ഏപ്രിൽ ഒന്നിന് ഭാര്യ മെഡി. കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായിട്ടുണ്ട്..