കെ.സോമപ്രസാദ് വയോജന കമ്മിഷൻ അദ്ധ്യക്ഷൻ
തിരുവനന്തപുരം:പുതുതായി രൂപീകരിച്ച വയോജന കമ്മിഷന്റെ അദ്ധ്യക്ഷനായി മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സോമപ്രസാദിനെ നിയമിച്ചതായി മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ,വനിതാ കമ്മിഷൻ അംഗമായിരുന്ന ഇ.എം.രാധ,ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ.എൻ.കെ നമ്പൂതിരി,കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കുസാറ്റ്-എം.ജി സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ.ലോപ്പസ് മാത്യു എന്നിവരാണ് അംഗങ്ങൾ.3വർഷമാണ് കാലാവധി.കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.അദ്ധ്യക്ഷന് ഗവ.സെക്രട്ടറിയുടെ പദവിയുണ്ടാവും.കമ്മിഷൻ സെക്രട്ടറിയായി അഡി.സെക്രട്ടറിയെയും ഫിനാൻസ് ഓഫീസറായി ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെയും നിയമിക്കും.രാജ്യത്താദ്യമായാണ് വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാക്കാനായി കമ്മിഷൻ രൂപീകരിച്ചത്.കമ്മിഷന് അർദ്ധജുഡീഷ്യൽ അധികാരമുണ്ടാവും.വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ കമ്മിഷന് നേരിട്ട് ഇടപെട്ട് പരിഹാരം കാണാൻ കഴിയുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.