സോഷ്യൽ മീഡിയ ക്യാമ്പെയിൻ: ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്

Thursday 28 August 2025 12:43 AM IST

തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വിനോ ദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങൾക്കുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോൾഡ് അവാർഡ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.

തായ്ലൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ ട്രാവൽ മാർട്ടിനൊപ്പം നടന്ന പാറ്റ ഗോൾഡ് അവാർഡ്സ് 2025 പരിപാടിയിൽ മക്കാവോ ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെർണാണ്ടസ്, പാറ്റ ചെയർ പീറ്റർ സെമോൺ, പാറ്റ സിഇഒ നൂർ അഹമ്മദ് ഹമീദ് എന്നിവരിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.

ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നൽകുന്നത്.

കേരളത്തിലെ വിനോദ സഞ്ചാര ഡെസ്റ്റിനേഷനുകളുടെ വൈവിധ്യത്തെക്കുറിച്ച് നൂതനമായ ഓൺലൈൻ ഉള്ളടക്കത്തിലൂടെ ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അവാർഡ് സ്വീകരിച്ച ശേഷം മന്ത്രി റിയാസ് പറഞ്ഞു. 25 വിദഗ്ദ്ധരടങ്ങിയ പാനലാണ് അവാർഡുകൾക്കർഹരായവരെ തിരഞ്ഞെടുത്തത്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷും പങ്കെടുത്തു.

പാറ്റ ട്രാവൽ മാർട്ടിലെ കേരളത്തിന്റെ പവലിയൻ തായ്ലൻഡിലെ ഇന്ത്യൻ അംബാസഡർ നാഗേഷ് സിംഗ് ഉദ്ഘാടനം ചെയ്തു. കൈരളി ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ട്രിപ്പ് എൻ സ്റ്റേ ഹോളിഡേയ്സ് എന്നിവരുൾപ്പെടെയുള്ള വ്യാപാര പങ്കാളികളും പവലിയന്റെ ഭാഗമായി. ടൂർ ഓപ്പറേറ്റർമാർ, ഔട്ട്ബൗണ്ട് ട്രാവൽ കമ്പനികൾ, പ്രമുഖ അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കും പവലിയൻ വേദിയായി.