ഗാന്ധിജിക്കു മുകളിൽ മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം: മുഖ്യമന്ത്രി

Thursday 28 August 2025 12:45 AM IST

തിരുവനന്തപുരം: രാഷ്ട്രപിതാവായ ഗാന്ധിജിക്ക് മുകളിൽ മറ്റു ചിലരെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ പിന്നിലേക്ക് തള്ളി ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പിരക്കുകയും അവർക്ക് പാദസേവ ചെയ്യുകയും ചെയ്യുന്നവരെ മഹത്വവൽകരിക്കാനുള്ള ശ്രമം സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ 23-ാം വാർഷികാഘോഷങ്ങൾ ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേക പരിഗണന നൽകുന്നതും മറ്റു മതവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നതും ഗാന്ധിയൻ ആശയങ്ങൾക്ക് പൂർണമായും എതിരാണ്. ഒരുഭാഗത്ത് സാമ്രാജ്യത്വത്തെ പിന്താങ്ങുകയും മറുവശത്ത് മതേതരത്വത്തെ തകർക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രാധാന്യം വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഗാന്ധിഭവൻ ഉത്തമ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗാന്ധിഭവൻ- ഡി.ശശിധരൻ പുരസ്‌കാരം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദാജന് മുഖ്യമന്ത്രി സമ്മാനിച്ചു. ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ 'ഗാന്ധി' നാടക സമർപ്പണവും നടന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.മുകേഷ് എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി.രാമഭദ്രൻ, ഗാന്ധിഭവൻ ചീഫ് പേട്രണും മുരള്യ ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായ

കെ.മുരളീധരൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ചെയർപേഴ്സൺ ഡോ.ഷാഹിദാ കമാൽ, കെ.ധർമ്മരാജൻ പുനലൂർ തുടങ്ങിയവർ സംബന്ധിച്ചു.