ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് ഡി.വെെ.എഫ്.ഐ: വടകരയിൽ സംഘർഷം

Thursday 28 August 2025 1:21 AM IST

വടകര: ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് എം.പി മടങ്ങുമ്പോഴായിരുന്നു സംഭവം. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. തുടർന്ന് ബലം പ്രയോ​ഗിച്ച് നീക്കി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

വാഹനം തടഞ്ഞതോടെ കാറിൽ നിന്നിറങ്ങിയ ഷാഫിയും, ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു. തനിക്കെതിരെ അസഭ്യവർഷം നടത്തേണ്ടെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ, അനാവശ്യം പറയരുത്. സമരക്കാർക്ക് പരിക്ക് പറ്റരുതെന്നും വാഹനം നിറുത്താനും പൊലീസിനോട് പറഞ്ഞു. സമരത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കില്ലെന്നും, പേടിച്ച് വടകര അങ്ങാടിയിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.

വടകര സി.ഐ മുരളീധരനും എസ്.ഐ രഞ്ജിത്തും എം.പിയോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഷാഫി പറമ്പിൽ പ്രവർത്തകർക്ക് മുഖാമുഖം നിന്ന് മറുപടി നൽകിയാണ് മടങ്ങിയത്.. പത്തു മിനിറ്റോളം ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. അതേസമയം പ്രവർത്തകരുടേത് സ്വാഭാവിക പ്രതികരണമാണെന്നും ,തീരുമാനിച്ച് നടപ്പാക്കിയതല്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പ്രതികരിച്ചു. തങ്ങൾ എവിടെയും ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.