ഗര്‍ഭിണിയായത് 17ാം വയസ്സില്‍, 'ഇപ്പോള്‍ അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്', പിന്നെന്ത് ബലാത്സംഗ പരാതി ?

Wednesday 27 August 2025 9:44 PM IST

ന്യൂഡല്‍ഹി: ബലാത്സംഗം ആരോപിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി കോടതി. യുവതിയും യുവാവും ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദമ്പതികളെ ക്രിമിനല്‍ വിചാരണക്ക് വിധേയമാക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഗിരിഷ് കത്പാലിയ നിരീക്ഷിച്ചു.

പ്രണയവും പോക്‌സോയും

2019ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു പോക്‌സോ കേസിന്റെ എഫ്‌ഐആര്‍ ആണ് കോടതി റദ്ദാക്കിയത്. കേസില്‍ ഇരയായ യുവതിയുടെ മൊഴി കേട്ടതിന് ശേഷമാണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തത്. 2019ല്‍ 17 വയസ്സ് പ്രായമുള്ളപ്പോാണ് യുവതി യുവാവുമായി പ്രണയത്തിലായത്. തുടര്‍ന്ന് ഗര്‍ഭിണിയാകുകയും ചെയ്തു. യുവതി ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വിവാഹം കഴിച്ചു. ഭാര്യ ഭര്‍ത്താക്കന്‍മാരെന്ന നിലയില്‍ ഇപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും ഇനിയും നടപടി അനിവാര്യമല്ലെന്ന തിരിച്ചറിവിലുമാണ് എഫ്‌ഐആര്‍ റദ്ദാക്കിയതെന്നും കോടതി വ്യക്തമാക്കി. . വിചാരണയുമായി മുന്നോട്ടുപോകുന്നതിലുള്ള വിഷമവും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആര്‍ റദ്ദാക്കുന്നതെന്നും ജസ്റ്റിസ് കത്പാലിയ വിശദീകരിച്ചു.