ഗേറ്റ് രജിസ്ട്രേഷൻ ഇന്നു മുതൽ

Thursday 28 August 2025 12:47 AM IST

രാജ്യത്തെ ഐ.ഐ.ടികൾ,എൻ.ഐ.ടികൾ,ഐ.ഐ.എസ്‌സി,ബിറ്റ്സ് പിലാനി,വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രവേശന യോഗ്യതാ പരീക്ഷയായ Graduate Aptitude Test in Engineering(GATE 2026)ന് ഇന്നു മുതൽ സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. 2026 ഫെബ്രുവരി 7,8,14,15 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെ എന്നിങ്ങനെ രണ്ടു സെഷനുകളിലാകും പരീക്ഷ.സയൻസ്,എൻജിനിയറിംഗ്, ടെക്നോളജി,ആർക്കിടെക്ചർ,ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഉന്നത പഠനം നടത്താൻ അവസരമുണ്ട്. വെബ്സൈറ്റ്: https//gate2026.iitg.ac.in.

യോഗ്യത

ടെക്നോളജി,എൻജിനിയറിംഗ്,ആർക്കിടെക്ചർ,അഗ്രിക്കൾച്ചർ,ഫോറസ്ട്രി,ഫാർമസി,ഹോർട്ടികൾച്ചർ, സയൻസ് കൊമേഴ്സ്,ആർട്സ്,മാനവിക വിഷയങ്ങൾ എന്നിവയിൽ ബിരുദം പൂർത്തിയാക്കിയവർക്കും ബിരുദം മൂന്നാം വർഷം പഠിക്കുന്നവർക്കും പരീക്ഷ എഴുതാം.അല്ലെങ്കിൽ മെഡിസിൻ,വെറ്ററിനറി സയൻസ്, ഡെന്റൽ സർജറി അഞ്ച് സെമസ്റ്റർ എങ്കിലും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.അല്ലെങ്കിൽ ഫാം ഡി, ഇന്റഗ്രേറ്റഡ് എം.ടെക്, എം.ഫാം, ഇന്റഗ്രേറ്റഡ് എം.എസ്‌സി, ബി.എസ്- എം.എസ് എന്നീ പ്രോഗ്രാമുകളിൽ മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർ,ഉയർന്ന യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

ജോലി സാധ്യത

കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനു പുറമേ രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.ബി.എസ്.എൻ.എൽ,ഭാരത് ഹെവി ഇലക്ട്രിക്കൽസ്,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,എൻജിനീയേഴ്സ് ഇന്ത്യ,നാഷണൽ ഹൈവേയ്സ് അതോറിട്ടി ഒഫ് ഇന്ത്യ,എൻ.ടി.പി.സി,ഒ.എൻ.ജി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് ഗേറ്ര് സ്കോർ പരിഗണിക്കാറുണ്ട്.