താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി

Wednesday 27 August 2025 9:48 PM IST

സുൽത്താൻ ബത്തേരി : വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികൾക്കൊടുവിൽ രാത്രി എട്ടേമുക്കലോടെയാണ് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ചുരം അടയ്ക്കുംചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. നാളെ രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞത്. വലിയ പാറക്കല്ലുകളും മരങ്ങളും മണ്ണുമാണ് ഈ ഭാഗത്തേക്ക് പതിച്ചത്. ഇത് മാറ്റാനുളള ശ്രമം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞിരുന്നു. ഇന്നലെ രാത്രി മുതൽ ഈ ഭാഗത്ത് ചെറിയ വഴി നിർമിച്ചാണ് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. തുടർച്ചയായി മഴയും കനത്ത കോടയും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.