ഫോറൻസിക് ലാബിന് വാരിക്കോരി, കെമിക്കൽ ലാബിന് പേരിനുംവേണ്ടി

Thursday 28 August 2025 12:38 AM IST

ആലപ്പുഴ : കുറ്രാന്വേഷണത്തിൽ നിർണായകമായ സംസ്ഥാന രാസപരിശോധനാ ലാബിനോട് സർക്കാരിന് ചിറ്റമ്മനയം. ഫോറൻസിക് പരിശോധനാ ലാബിന് അനുവദിക്കുന്നതിന്റെ അഞ്ചിലൊന്ന് ഫണ്ടുപോലും രാസപരിശോധനാ ലാബിന് അനുവദിക്കുന്നില്ല. 2023 -24ൽ സബ്ജക്ട് കമ്മിറ്റി അധികമായി ശുപാർശ ചെയ്ത 31ലക്ഷമുൾപ്പെടെ ആകെ 2.31 കോടിയും 2024 -25ൽ 2കോടിയുമാണ് രാസപരിശോധനാ ലാബിന് അനുവദിച്ചത്.

വില കൂടിയ പരിശോധനാ ഉപകരണങ്ങളുടെ എ.എം.സി,അവയുടെ സ്പെയർ പാർട്സ്, അനലിറ്റിക്കൽ ഉപകരണങ്ങൾക്കാവശ്യമായ യു.എച്ച്.പി (Ultra High Purity), ഗ്യാസ്, കെമിക്കലുകൾ, ഗ്ലാസ് ഉപകരണങ്ങൾ എന്നിവയ്ക്ക് മാത്രം ഒരു കോടിയോളം പ്രതിവർഷംവേണ്ടിവരും. ബഡ്ജറ്റ് വിഹിതത്തിൽ ശേഷിക്കുന്ന തുക പുതിയ ഉപകരണങ്ങൾ വാങ്ങാൻ അപര്യാപ്തമാണ്.

കഴിഞ്ഞ നാലുവർഷങ്ങളിലായി 41.57കോടിയുടെ സഹായം ഫോറൻസിക് പരിശോധനാ ലാബിന് ലഭിച്ചപ്പോൾ കെമിക്കൽ ലാബിന് ലഭിച്ചത് 8.20 കോടിമാത്രമാണ്.

ഒരേ ശീർഷകത്തിലായത് തിരിച്ചടി

'വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവുമെന്ന പൊതുശീർഷകത്തിൽ രണ്ടു സ്ഥാപനങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതാണ് കെമിക്കൽ ലാബ് പിന്നാക്കം പോകാൻ കാരണം.ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തിയാൽ പ്രാമുഖ്യം ലഭിക്കും.

 ലബോറട്ടറികൾ സംയോജിപ്പിച്ചാൽ ഫോറൻസിക് പരിശോധനാ സൗകര്യങ്ങൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന തുകയിൽ നിന്ന് അർഹമായ വിഹിതം രാസ പരിശോധന ലബോറട്ടറികൾക്കും നേടാം.സംയോജിപ്പിക്കാൻ നിർദേശം ഉണ്ടെങ്കിലും നടപ്പായില്ല.

ധനസഹായത്തിലെ അന്തരം

(വർഷം, ഫോറൻസിക് ലാബ്, കെമിക്കൽ ലാബ് എന്ന ക്രമത്തിൽ. തുക കോടിയിൽ)

2019-20........19.50..........2

2020-21.........7.16 ..........1.70

2021-22.........7.65...........1.70

2022-23.........7.25........2.80

ആകെ........41.56........8.20

``ഫോറൻസിക് ലാബിന് സമാനമായ ഫണ്ട് അനുവദിക്കലോ ഇരുലാബുകളുടെയും ഏകീകരണമോ ആണ് പരിഹാരം. ശുപാർശ സമർപ്പിച്ചിട്ടുണ്ട്.``

-ഭരണപരിഷ്കാരവകുപ്പ്