നിയമസഭാ സമ്മേളനം സെപ്തംബർ 15മുതൽ

Thursday 28 August 2025 12:39 AM IST

തിരുവനന്തപുരം:നിയമസഭാ സമ്മേളനം സെപ്തംബർ 15 മുതൽ ചേരുന്നതിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതുസംബന്ധിച്ച് ഗവർണർക്ക് ശുപാർശ സമർപ്പിക്കും.

വിരമിച്ച ഐ.എ.എസ്.ഉദ്യോഗസ്ഥ ഇഷിതാ റോയിക്ക് പുനർനിയമനം നൽകാനും, താലൂക്ക് ആശുപത്രികളിലും എസ്.സി.എസ്.ടി.സ്പെഷ്യൽ കോടതിയിലും പുതിയ തസ്തികയുണ്ടാക്കാനും പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ മുൻകാല പ്രാബല്യത്തോടെ 2019 മുതൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാനും തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച ഇഷിതാ റോയിക്ക് സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഡയറക്ടറായാണ് പുനർ നിയമനം .വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള ഡയറക്ടറായി ആലപ്പുഴ തകഴി ഡി.ബി. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഡോ.പി.പ്രമോദിന് നിയമനം നൽകും.അന്താരാഷ്ട്ര ഹാന്റ് ബോൾ താരമായ എസ്.ശിവപ്രസാദിനെ കെ ടെറ്റ് യോഗ്യതയിൽ ഇളവു വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) ആയി നിയമിക്കും.

പട്ടിക ജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ കേസുകൾക്കായി എറണാകുളത്ത് രൂപീകരിച്ച സ്‌പെഷ്യൽ കോടതിയിൽ 70,000 രൂപ പ്രതിമാസ വേതനത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തിക സൃഷ്ടിക്കും.കട്ടപ്പന, ബേഡഡുക്ക, മംഗൽപാടി, പത്തനാപുരം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിൽ ഓരോ അസിസ്റ്റന്റ് ദന്തൽ സർജൻ തസ്തിക വീതം സൃഷ്ടിക്കാനും അനുമതി നൽകി. ഓട്ടോകാസ്റ്റിന്റെ 10 ഏക്കർ ഭൂമി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന് 60 വർഷത്തേക്ക് പാട്ടത്തിനു നൽകാനും,കാസർകോട് ഡിഫറന്റ് ആർട്ട്സ് സെന്റർ ഐ.ഐ.പി.ഡി പദ്ധതി ആരംഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത ആധാരത്തിനുമേലുള്ള അണ്ടർ വാല്യുവേഷൻ നടപടി ഒഴിവാക്കാനും അനുമതി നൽകും.