ഭിന്നശേഷിക്കാർക്ക് ജോലി: ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ തൊഴിൽ നൽകുന്നതിന് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തമാക്കുന്നതിനാണ് പതിനെട്ടുവയസ്സ് പൂർത്തിയാക്കിയവർക്ക് സെയിൽസ് പ്രൊമോട്ടർ തസ്തികയിൽ തൊഴിൽനൽകുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സ്മാർട്‌ഫോൺ ഉപയോഗിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന വ്യക്തികൾക്കാണ് തൊഴിൽ നൽകുക. മുപ്പത് മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യാനോ സിം കാർഡ് വിൽക്കാനോ കഴിയുന്നവർക്ക് കുറഞ്ഞത് 7000 രൂപ മാസശമ്പളം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും സിം, ട്രെയിനിംഗ് കിറ്റ് തുടങ്ങിയവയും കമ്പനി നൽകും. മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇടവിട്ടുള്ള സമയങ്ങളിൽ അപ്‌ഡേഷൻ അറിയിപ്പുകളുണ്ടാകും. അതിനാൽ പൂർണ്ണമായി കാഴ്ചപരിമിതിയുള്ളവർക്ക് സാങ്കേതികബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെങ്കിലും ചെറിയ രീതിയിലെങ്കിലും കാഴ്ചയുള്ളവർക്ക് പരിശീലനത്തിലൂടെ ജോലി സുഗമമായി ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു.