അവസാനമില്ലാതെ മംഗലം പാലം കുത്തിപ്പൊളിക്കൽ
നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നു
വടക്കഞ്ചേരി: ദേശീയപാതയിൽ മംഗലം പുഴയ്ക്കു കുറുകെയുള്ള മംഗലം പാലത്തിന്റ പുനർ നിർമാണ പ്രവർത്തനങ്ങൾ നീളുന്നു. ബലക്ഷയത്തെ തുടർന്ന് ജൂലായ് അവസാന വാരം റോഡ് ബ്ലോക്ക് ചെയ്തു നിർമ്മാണം തുടങ്ങിയതാണ്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പാലം കുത്തിപ്പൊളിക്കൽ അവസാനിച്ചിട്ടില്ല. പാലത്തിന്റെ ജോയിന്റുകൾ ചേരുന്ന ഭാഗമാണു പൂർണമായും പൊളിക്കുന്നത്.പണി നീളുന്നതു മൂലം ദേശീയപാതയിൽ ഗതാഗത കുരുക്കു മുറുകുകയാണ്. ഇവിടെ അപകടങ്ങളും നടക്കുന്നു. തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണു പാലത്തിൽ നിർമ്മാണം നടത്തുന്നത്. നിർമ്മാണം വേഗത്തിലാക്കി നാലുവരിപ്പാത ഗതാഗത യോഗ്യമാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
വടക്കഞ്ചേരി മേൽപാലത്തിലും പണി മാസങ്ങൾക്ക് മുൻപ് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാലത്തിൽ നാലിടത്തു പൊളിച്ചു പുതിയ കമ്പികൾ പാകി ബലപ്പെടുത്തിയിരുന്നു. പാലത്തിന്റെ ടാറിംഗ് അടർത്തിമാറ്റി കമ്പികൾ പാകി ബലപ്പെടുത്തിയ ശേഷം റീ-ടാറിംഗ് നടത്തുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ പണി സാവധാനമാണു നടക്കുന്നത്. ഒറ്റ വരിയായി വാഹനങ്ങൾ കടത്തിവിടുന്നതിനിടെ കഴിഞ്ഞ ദിവസം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇതിനിടെ വടക്കഞ്ചേരി മേൽപാലത്തിൽ വിള്ളലുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് കൊണ്ട് അടയ്ക്കുന്ന ജോലികളും നടക്കുന്നുണ്ട്. 78 തവണയാണു മേൽപാലത്തിൽ കുത്തിപ്പൊളിക്കൽ നടത്തിയത്. ഇപ്പോഴും കമ്പികൾ ചില ഭാഗത്തു റോഡിനു മുകളിൽ കാണാം.