ഓണവൈബ് ഏറ്റെടുത്ത് കുടുംബശ്രീ
പാലക്കാട്: പൂക്കൾ, സദ്യ, പച്ചക്കറി എന്നിങ്ങനെ വിപണികളിൽ സജീവമായി ഓണവൈബ് പൂർണമായി ഏറ്റെടുത്തിരിക്കുകയാണ് പാലക്കാട് ജില്ലാ കുടുംബശ്രീ മിഷൻ. മുൻവർഷത്തെപ്പോലെ ഇക്കുറിയും കുടുംബശ്രീ പൂക്കൃഷിയിൽ സജീവമാണ്. നിർദ്ദേശിച്ച നമ്പറിൽ വിളിച്ചാൽ വീട്ടുപടിക്കലെത്തിക്കുന്ന ഓണസദ്യയാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഇതിനു പുറമെ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളും ഇക്കുറി വിപണിയിലെ വിലക്കയറ്റത്തിന് തടയിടാൻ മുന്നിലുണ്ടാകും. ജില്ലയൊട്ടാകെ 24.5 ഏക്കറിലാണ് കുടുംബശ്രീയുടെ 90 കാർഷിക ഗ്രൂപ്പുകൾ പൂക്കൃഷി ഒരുക്കിയത്. നിറപ്പൊലിമ എന്ന പേരിൽ ഈ ഓണപൂക്കൾ ഇപ്പോൾ വിപണിയിൽ സജീവമാണ്. നിലവിൽ കുടുംബശ്രീ പൂപ്പാടങ്ങളിൽ വിളവെടുപ്പുത്സവങ്ങൾ നടന്ന് വരികയാണ്. സ്വകാര്യ നഴ്സറികളെ ആശ്രയിക്കാതെ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറികളിൽ തയ്യാറാക്കിയ ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൃഷി ചെയ്തത്. കിലോക്ക് 150 മുതൽ 200 രൂപ വരെയാണ് നിരക്ക്.
വീട്ടിലെത്തും ഓണസദ്യ
ചോറ്, സാമ്പാർ, അവിയൽ, പച്ചടി, കിച്ചടി, പപ്പടം, അച്ചാർ, ചിപ്സ്, പായസം, ശർക്കര വരട്ടി, പുളിയിഞ്ചി, കാളൻ, രസം, മോര്, തുടങ്ങി വാഴയില വരെ ലഭ്യമാക്കികൊണ്ട് ബുക്ക് ചെയ്യുന്നവർക്ക് വീട്ടിലെത്തിക്കുന്ന ഓണസദ്യയാണ് ഇത്തവണ കുടുംബശ്രീയുടെ ഹൈലൈറ്റ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മികച്ച മുപ്പത്തഞ്ചോളം കുടുംബശ്രീ കഫേ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കുന്നത്. ആവശ്യമായ ദിവസത്തിന് രണ്ട് ദിവസം മുമ്പ് ബുക്ക് ചെയ്താൽ സദ്യ വീട്ടു പടിക്കൽ എത്തും. തിരുവോണദിനത്തിലെ ബുക്കിംഗ് സി.ഡി.എസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി ശേഖരിക്കാവുന്നതാണ്.
വിഷരഹിത പച്ചക്കറികളുമായി 'ഓണക്കനി'
ഓണവിപണിയിൽ 'ഓണക്കനി' എന്ന പേരിൽ വിഷരഹിതവും ഗുണമേന്മയും ഉറപ്പാക്കുന്ന പച്ചക്കറികൾ താരതമ്യേന വിലക്കുറവിൽ ലഭ്യമാക്കാനും കുടുംബശ്രീ മുന്നിലുണ്ട്. 2024 മുതൽ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓണക്കനി. 190 സംഘകാർഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ 328.4 ഏക്കറിലാണ് പച്ചക്കറികൃഷി നടന്നു വരുന്നത്. നിത്യോപയോഗ സാധനങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളുമടങ്ങിയ കുടുംബശ്രീയുടെ ഓൺലൈൻ വ്യാപാര വേദിയിൽ ഓണത്തോട് അനുബന്ധിച്ച് ഒൻപത് ഇനങ്ങളടങ്ങിയ ഓണക്കിറ്റ് 799 രൂപയ്ക്ക് (കുറിയർ തുക പ്രത്യേകം നൽകണം) ലഭിക്കും.