ലൈംഗിക ആരോപണക്കുരുക്കിൽ ബിജെപിയും, സി. കൃഷ്‌ണകുമാർ പീഡിപ്പിച്ചെന്ന് ബന്ധു
പാലക്കാട്: കോൺഗ്രസിന് പിന്നാലെ ബി.ജെ.പിയും ലൈംഗിക ആരോപണക്കുരുക്കിൽ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. പാലക്കാട് സ്വദേശിനിയായ ഇവർ എറണാകുളത്താണ് താമസിക്കുന്നത്.
പീഡനത്തെക്കുറിച്ച് യുവതി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞ ദിവസം ഇ-മെയിലിലൂടെ പരാതി നൽകി. ഇക്കാര്യം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരിശോധിക്കാമെന്നായിരുന്നു പരാതിക്കാരിക്കു കിട്ടിയ മറുപടി.
2014ലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തിരുന്നു. രണ്ടുവർഷം കഴിഞ്ഞ് ബി.ജെ.പി നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടിയോടും
തുടർന്ന് ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ് എന്നിവരോടും പരാതി ഉന്നയിച്ചു.
നീതി ലഭ്യമാക്കുമെന്നും കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കുമെന്നും എല്ലാവരും ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ലെന്ന് യുവതി പരാതിയിൽ ആരോപിച്ചു. കൃഷ്ണകുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കാര്യാലയത്തിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നലെ മാർച്ച് നടത്തി.
'പിന്നിൽ പാർട്ടിവിട്ട അസുരവിത്ത്"
പീഡനാരോപണം അടിസ്ഥാനരഹിതമാണെന്ന് സി.കൃഷ്ണകുമാർ പറഞ്ഞു. ഇതിനുപിന്നിൽ പാർട്ടി വിട്ടുപോയ അസുരവിത്താണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇപ്പോഴുള്ള പരാതി ഭാര്യവീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടുള്ളതാണ്. 2010ൽ അന്യമതസ്ഥനെ വിവാഹം ചെയ്ത് എറണാകുളത്ത് താമസമാക്കിയ വ്യക്തിയാണ് പരാതിക്കാരി. 2014ൽ ഭാര്യാപിതാവ് എഴുതിവച്ച വിൽപ്പത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. തുടർന്ന് താൻ പീഡിപ്പിച്ചെന്നും മർദ്ദിച്ചെന്നും ചൂണ്ടിക്കാട്ടി 2014ൽ പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ 2023ൽ തങ്ങൾക്ക് അനുകൂലമായി വിധിവന്നു. പീഡന പരാതി 2024ൽ പാലക്കാട് ജില്ലാ കോടതി തള്ളിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കൃഷ്ണകുമാർ പറഞ്ഞു.