സ്ത്രീകളോട് അതിക്രമം: രാഹുലിനെതിരെ കേസ്

Thursday 28 August 2025 12:11 AM IST

തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. മൂന്നു വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകൾ ചുമത്തി.

സ്ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സന്ദേശങ്ങളയച്ചും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി എന്നിവയാണ് കുറ്റങ്ങൾ. പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

രാഹുലിന്റെയും സഹായികളുടെയും ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത് പരിശോധിക്കാം. വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകളിലെ ചാറ്റുകൾ വീണ്ടെടുക്കാം.

മൂന്ന് വർഷം വരെ

തടവിനുള്ള വകുപ്പ്

ബി.എൻ.എസ് 78(2)

സ്ത്രീ ഇന്റർനെറ്റ് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്. മൂന്ന് വർഷം വരെ തടവും പിഴയും . ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും പിഴയും.

ബി.എൻ.എസ് 351

ഭയപ്പെടുത്തി ഒരുകാര്യം ചെയ്യിക്കുക, പിന്തിരിപ്പിക്കുക. വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഈ ഭീഷണി നടത്താം.രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

പൊലീസ് ആക്ട് 120(ഒ)

കത്ത്, എഴുത്ത്, സന്ദേശം, ഇ-മെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ ശല്യമായി മാറൽ. ഒരുവർഷം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷകിട്ടാം.