ശമ്പളമില്ലാത്ത അദ്ധ്യാപകർക്കായി ഫയൽ അദാലത്ത്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പത്തുവർഷം വരെ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സെപ്തംബറിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും മാനേജ്മെന്റുകളുടെയും അനാസ്ഥകൊണ്ടാണ് ഇവർക്ക് ശമ്പളം ലഭിക്കാത്തത്. തിരുവനന്തപുരത്തായിരിക്കും അദാലത്ത്. പെൻഷൻപറ്റാൻ സമയം അടുത്തവർ എ.ഇ.ഒ, ഡി.ഇ.ഒ കസേരയിലെത്തിയാൽ ഇത്തരം ഫയലുകൾ തൊടില്ല. "സാറേ ആ ഫയൽ തൊടല്ലേ പ്രശ്നമാണേ" എന്ന് ക്ളാർക്കുമാർ ഇവരെ ഉപദേശിക്കും. ഇതോടെ ഫയലിൽ തൊടില്ലെന്നും ഇങ്ങനെയാണ് ഫയലുകൾ കെട്ടിക്കിടക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏഴ് ആരോഗ്യ സ്ഥാപനങ്ങൾക്ക്എൻ.ക്യു.എ.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചു.നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 262 ആയി. വയനാട് പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രം, കോട്ടയം പറത്തോട് കുടുംബാരോഗ്യകേന്ദ്രം, കണ്ണൂർ മൊകേരി കുടുംബാരോഗ്യകേന്ദ്രം, മലപ്പുറം കൊണ്ടോട്ടി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, കോഴിക്കോട് പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം, വയനാട് പുളിഞ്ഞാൽ ജനകീയ ആരോഗ്യ കേന്ദ്രം, വയനാട് കോക്കടവ് ജനകീയ ആരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കശുവണ്ടി ഫാക്ടറി,തോട്ടം തൊഴിലാളികൾക്ക് ആശ്വാസം
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്സ്ഗ്രേഷ്യേ ലഭിക്കും. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളും വിതരണം ചെയ്യും. 2149 തൊഴിലാളികൾക്ക് കിറ്റ് ഉറപ്പാക്കാൻ 21.49 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞവർഷം 2000രൂപ വീതമാണ് കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് നൽകിയത്. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇവർക്ക് 250 രൂപയുടെ അരിയും ലഭിക്കും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
അന്തിമ വോട്ടർപട്ടിക സെപ്തംബർ 2ന്
തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിഷ്ക്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് സെപ്തംബർ രണ്ടിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.നേരത്തെ ആഗസ്റ്റ് 30ന് വോട്ടർപട്ടിക പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നത്.ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.അതിൻമേൽ 32ലക്ഷത്തോളം പരാതികളാണ് കിട്ടിയത്.ഇതെല്ലാം പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുന്നത് കണക്കിലെടുത്താണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്. പരാതികളിൽ ആഗസ്റ്റ് 29വരെ നേരിട്ട് ഹാജരായി തെളിവുകൾ നൽകാമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ബി.ഡി.എസ് ഫീസ് ഘടന
തിരുവനന്തപുരം:2025-26 അധ്യയന വർഷം കേരളത്തിലെ സെൽഫ് ഫിനാൻസിങ് ദന്തൽ കോളേജുകളിലെ ഫീസ് ഘടന സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ഓരോ കോളേജിലെയും ഫീസ് നിരക്ക് അറിയാൻ www.cee.kerala.gov.in കാണുക.