അജ്സലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Thursday 28 August 2025 12:15 AM IST

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ചിറ്റൂർ തടത്തിൽ വീട്ടിൽ അജീബിന്റെയും സലീനയുടെയും ഏകമകൻ അജ്സലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മാതാപിതാക്കളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അജ്സലിന്റെ ജനനം. അജ്‌സലിന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം പത്തനംതിട്ട മാർത്തോമ്മ ഹയർെസക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ കൂട്ടുകാർക്കും അദ്ധ്യാപകർക്കും കണ്ണീരടക്കാനായില്ല.

പിന്നീട് മൃതദേഹം വീട്ടിൽ എത്തി​ച്ചു. ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും അദ്ധ്യാപകരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ കബറടക്കി.

നബീലിനെ കണ്ടെത്താനായില്ല

ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയായ കൊന്നമൂട് ഒലീപ്പാട്ട് നിസാമിന്റെയും ഷബാനയുടെയും മകൻ നബീൽ നിസാമി (14) നെ കണ്ടെത്താൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന ഇന്നല വൈകുന്നേരം ആറര വരെ നദിയിൽ തെരച്ചിൽ നടത്തി. ഇന്നും തുടരും. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഓണ പരീക്ഷ കഴിഞ്ഞ് എട്ട് കൂട്ടുകാർ കല്ലറക്കടവിൽ എത്തിയത്. ആറ്റിലിറങ്ങി​യവരിൽ അജ്സലും നബീലും ഒഴുക്കിൽപ്പെടുകയായിരുന്നു.