വെറ്ററിനറി മേഖലയ്ക്കായി ഇ സമൃദ്ധ പദ്ധതി, മികവോടെ മൃഗാരോഗ്യം
പത്തനംതിട്ട : വെറ്ററിനറി സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇ സമൃദ്ധ പദ്ധതി. മൃഗങ്ങളുടെ രോഗസംബന്ധമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്ന പദ്ധതിയാണിത്. വെറ്ററിനറി ഡോക്ടർമാർക്ക് വിശദമായ ആരോഗ്യ രേഖകൾ, മുൻകാല ചികിത്സാ വിവരങ്ങൾ, വാക്‌സിനേഷൻ ഷെഡ്യൂളുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ പദ്ധതി കേരള മൃഗസംരക്ഷണ വകുപ്പും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയും സംയുക്തമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 7.52 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
മൊബൈൽ ആപ്ലിക്കേഷനും
കർഷകരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇ സമൃദ്ധയിൽ മൊബൈൽ ആപ്ലിക്കേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കർഷകർക്ക് വെറ്ററിനറി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും മൃഗങ്ങളുടെ ചികിത്സാകാര്യം അറിയാനും, മരുന്ന് കുറിപ്പടികൾ കാണാനും സഹായിക്കുന്നു. ഇതേസമയം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഫീൽഡ് സന്ദർശന വേളയിൽ വിവരങ്ങൾ രേഖപ്പെടുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കംമ്പ്യൂട്ടിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്. ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത്, രോഗാവസ്ഥകൾ നിരീക്ഷിക്കാൻ സാധിക്കും. ഈ വിവരങ്ങൾ കൂടുതൽ മെച്ചപ്പെട്ട മൃഗാരോഗ്യനയങ്ങൾ രൂപീകരിക്കാൻ സഹായകമാകും.
പദ്ധതി ചെലവ് : 7.52 കോടി
1. ഇസമൃദ്ധ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമിട്ട ആദ്യജില്ല പത്തനംതിട്ടയാണ്.
2. ജില്ലയിൽ ആർ.എഫ്.ഐഡി അടിസ്ഥാനമാക്കിയുള്ള മൃഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവിധാനം പൈലറ്റ് പ്രോജക്ടായി നടപ്പാക്കി.
50,000 പശു കിടാരികളെ ഡിജിറ്റലായി രേഖപ്പെടുത്തി.
ഓൺലൈൻ ഒ.പി
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 61 വെറ്ററിനറി സ്ഥാപനങ്ങളിലും ഈ ആരോഗ്യ പരിപാലന സംവിധാനം നടപ്പിലാക്കിയത് വഴി ജില്ലയിലെ എല്ലാ വെറ്റിനറി ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഓൺലൈൻ ഒ.പി സംവിധാനം നിലവിൽ വന്നു. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ 99 ലാപ്ടോപ്പുകൾ, 6 ഡെസ്ക്ടോപ്പുകൾ, 61 തെർമൽ പ്രിന്ററുകളും കളർ പ്രിന്ററുകളും വിതരണം ചെയ്തിട്ടുണ്ട്.