ഭരണം മെച്ചപ്പെടുത്താൻ ആശയങ്ങൾ തേടും

Thursday 28 August 2025 12:18 AM IST

□ജില്ലകൾ തോറും സെമിനാറുകൾ

തിരുവനന്തപുരം:ഭരണം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കാനും ,അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എന്തെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കാമെന്ന് കണ്ടെത്താനും ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

"കേരളം വിഷൻ 2031" എന്ന പേരിൽ നടത്തുന്ന 33 സെമിനാറുകളിൽ മന്ത്രിമാർ പങ്കെടുക്കും. അതത് വകുപ്പുകളിൽ എന്തെല്ലാം പുതിയ പദ്ധതികളും ഭരണ നവീകരണ നടപടികളും സ്വീകരിക്കാനാകുമെന്ന് കണ്ടെത്താൻ മന്ത്രിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.അത് ക്രോഡീകരിച്ചാവും ജില്ലാ സെമിനാറുകളിൽ അവതരിപ്പിക്കുക. നവകേരള സദസിൽ കിട്ടിയ നല്ല നിർദ്ദേശങ്ങളും പരിഗണിക്കും.2031ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ചാവും സെമിനാറുകൾ .

തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണം, പൊതു വിദ്യാഭ്യാസം, വ്യവസായം, കൊല്ലത്ത് മൃഗ സംരക്ഷണവും ക്ഷീരവികസനവും, തൊഴിലും,പത്തനംതിട്ടയിൽ ഗതാഗതം, ആരോഗ്യം.ആലപ്പുഴയിൽ കൃഷി, ഫിഷറീസ്,കോട്ടയത്ത് ഉന്നതവിദ്യാഭ്യസം,സഹകരണം, ഇടുക്കിയിൽ ജലവിഭവം, ടൂറിസം, എറണാകുളത്ത് ധനകാര്യം, രജിസ്‌ട്രേഷൻ, ഐ.ടി, സർവ്വേ, ന്യൂനപക്ഷ ക്ഷേമം തൃശ്ശൂരിൽ റവന്യൂ, സാമൂഹ്യ നീതി, സാംസ്‌കാരികം, പാലക്കാട്ട്: വൈദ്യുതി, തദ്ദേശ സ്വയംഭരണം, എക്‌സൈസ്, മലപ്പുറത്ത് കായികം, വനിത ശിശുവികസനം, കോഴിക്കോട്ട് പൊതുമരാമത്ത് യുജന ക്ഷേമം,വയനാടിൽ പട്ടികജാതി പട്ടികവർഗ്ഗ വികസനം, വനം, വന്യജീവി കണ്ണൂരിൽ തുറമുഖം, ആഭ്യന്തരം,കാസർകോട്ട് മ്യൂസിയവും പുരാവസ്തു പുരാരേഖയും, നോർക്ക തുടങ്ങിയ വകുപ്പുകളിലായിരിക്കും സെമിനാറുകൾ .